മെയ്ക് ഇന്‍ ഇന്ത്യാ എന്നൊക്കെ പറയാന്‍ കൊള്ളാം ; ബുള്ളറ്റ് ട്രെയിന്‍ കരാറുകള്‍ സര്‍ക്കാര്‍ നല്‍കിയത് ജപ്പാന്

പ്രധാനമന്ത്രി വിഭാവനം ചെയ്ത മെയ്ക് ഇന്‍ ഇന്ത്യാ എന്ന പദ്ധതിക്ക് വില കടലാസില്‍ മാത്രം. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ തന്നെ മെയ്ക് ഇന്‍ ഇന്ത്യക്ക് യാതൊരു പരിഗണനയും ഇല്ല. ബുള്ളറ്റ് ട്രെയിന്‍ നിര്‍മാണ പദ്ധതിയുടെ ഭൂരിഭാഗം കരാറുകളും ജപ്പാനില്‍നിന്നുള്ള സ്റ്റീല്‍-എന്‍ജീനിയറിങ് കമ്പനികള്‍ക്കാണ് ലഭിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പദ്ധതിക്ക് ആവശ്യമായ ഭൂരിഭാഗം സാമ്പത്തിക സഹായവും നല്‍കുന്നത് ജപ്പാനാണ്. റെയില്‍പ്പാള നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികളുടെ 70% വിതരണവും ജപ്പാനില്‍നിന്നുള്ള കമ്പനികള്‍ക്ക് തന്നെയാണ് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കരാറില്‍ ഇന്ത്യയും ജപ്പാനും ഒപ്പുവച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാങ്കേതികവിദ്യ കൈമാറ്റം, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കുക എന്നീ രണ്ട് വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിരുന്നു. മുംബൈ- അഹമ്മദാബാദ് റൂട്ടിലാണ്‌ ട്രെയിന്‍ ഓടുക. അതേസമയം സഞ്ചരിക്കാന്‍ ആളില്ലാത്ത റൂട്ടിലാണ്‌ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് എന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നു കഴിഞ്ഞു.