ശ്രീജീവിന്റെ മരണം:അന്വേഷണത്തിന് സിബിഐ വിജ്ഞാപനം,അന്വേഷണ നടപടികള്‍ തുടങ്ങുന്നതുവരെ സമരം തുടരുമെന്ന് ശ്രീജിത്ത്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും.ഇത് സംബന്ധിച്ച് അന്വേഷണത്തിന് വിഞ്ജാപനമിറങ്ങി.സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയുന്ന ശ്രീജിത്തിനെ സന്ദര്‍ശിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവ് കൈമാറി. സെക്രട്ടേറിയറ്റിന് മുന്നില്‍ 766 ദിവസമായി സമരം ചെയ്യുന്ന നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ ആരോഗ്യസ്ഥിതി മോശമായിട്ടും വെയിലും മഴയും കൊണ്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ കിടന്നിരുന്ന ശ്രീജിത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധിപ്പേരാണ് കഴിഞ്ഞ ദിവസങ്ങളിലെത്തിയത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആഹ്വാനം ഏറ്റെടുത്ത് ഇന്നലെ ആയിരക്കണക്കിന് പേര്‍ ശ്രീജിത്തിനെ കാണാനും ഐക്യദാര്‍ഢ്യം അറിയിക്കാനുമെത്തിയിരുന്നു.

അഭിഭാഷകനായ കാളീശ്വരം രാജ് മുഖേനെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഇന്ന് ശ്രീജിത്ത് തീരുമാനമെടുത്തിരുന്നു.ചര്‍ച്ചയ്ക്ക് തയാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്താന്‍ അനുവദിക്കണമെന്ന് സമര സമിതി നിലപാടെടുത്തു.

പൊലീസ് കസ്റ്റഡിയിലിരിക്കെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കേസ് അന്വേഷിക്കണമെന്ന കേരള സര്‍ക്കാറിന്റെ ആവശ്യം തള്ളി സിബിഐ കത്ത്നല്‍കുകയും ചെയ്തു. ഡിസംബര്‍ 12-നാണ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയത്.

ശ്രീജീവിനെ പൊലീസ് കസ്റ്റഡിയില്‍ വെച്ച് അന്നത്തെ പാറശ്ശാല സി.ഐ ഗോപകുമാറും എ.എസ്.ഐ ഫീലിപ്പോസും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നും ഇതിന് സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രതാപചന്ദ്രന്‍, വിജയദാസ് എന്നിവര്‍ കൂട്ടുനിന്നുവെന്നും കേസ് അന്വേഷിച്ച സംസ്ഥാന പൊലീസ് കംപ്ലെയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു.

നിലവില്‍ ഈ കസ്റ്റഡി മരണം ഒരു ഏജന്‍സിയും അന്വേഷിക്കുന്നില്ല. ആരോപണവിധേയരായ പൊലീസുകാര്‍ക്ക് ഇന്നുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രതികള്‍ പോറല്‍ പോലുമേല്‍ക്കാതെ സേനയില്‍ തുടരുന്നു. നീതി തേടി സെക്രട്ടേറിയറ്റിന് മുന്നില്‍ പട്ടിണി സമരം നടത്തുന്ന തന്നെ പൊലീസ് പലതവണ ഉപദ്രവിക്കുകയും സമരരത്തില്‍നിന്ന് പിന്‍ മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ശ്രീജിത്ത് പറയുന്നു.

ശ്രീജിത്തിന്റെ സമരം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപേര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റിലെത്തിയിരുന്നു.പ്രധിഷേധം ഉയര്‍ന്നതോടെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വീണ്ടും കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്തുനല്‍കിയിരുന്നു. കുറ്റക്കാരായ പൊലീസുകാര്‍ നടപടികള്‍ക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് വാങ്ങിയ സ്റ്റേ നീക്കാന്‍ ആവശ്യമായ നടപടികളെടുക്കണമെന്ന് അഡ്വക്കറ്റ് ജനറലിനും നിര്‍ദ്ദേശം നല്‍കി.വിജ്ഞാപനം പുറത്തിറങ്ങിയതുകൊണ്ടു സമരം അവസാനിപ്പിക്കില്ലെന്നും,അന്വേഷണ നടപടികള്‍ക്ക് തുടക്കമാകുന്നതുവരെ സമരം തുടരുമെന്ന് ശ്രീജിത്ത് പറഞ്ഞു.