വിദ്യാര്‍ത്ഥിയുടെ കൊലപാതകം:ആള്‍ക്കാരുടെ കൂക്കി വിളിയിലും നിര്‍വികാരയായി ജയമോള്‍; കൊലപാതക കാരണം കണ്ടെത്താനുറച്ച് പൊലീസ്

കൊല്ലം:കൊട്ടിയത്ത് 9-ആം ക്ലാസുകാരനായ മകന്‍ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയമോളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പരവൂര്‍ കോടതിയിലാണ് ജയമോളെ ഹാജരാക്കുക. വസ്തുതര്‍ക്കത്തെ തുടര്‍ന്നാണു കൊലപ്പെടുത്തിയതെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണു നീക്കം.പ്രതിയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ ജനങ്ങള്‍ പ്രകോപിതരായ സാഹചര്യത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പാടാക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, പിതാവിന്റെ വീട്ടില്‍ പോയി മടങ്ങിയെത്തിയ ജിത്തു പ്രകോപിതനായതിനാലാണ് കൊലപാതകമെന്നും ജയയുടെ മൊഴിയില്‍ പറഞ്ഞിരുന്നു. അതിനാല്‍ കൊലപാതകത്തിന് കാരണമാകാന്‍ കുട്ടി എന്താണ് പ്രകോപനമായി പറഞ്ഞതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ജിത്തുവിന്റെ സഹോദരിയേയും പിതാവിനേയും മുത്തച്ഛനേയും ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ഡോ.എസ് ശ്രീനിവാസ് പറഞ്ഞു.

തെളിവെടുപ്പിനായി വ്യാഴാഴ്ച കൊണ്ടുവന്നപ്പോള്‍ കൂടിനിന്ന നാട്ടുകാരില്‍നിന്ന് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഒരു ഭാവഭേദവുമില്ലാതെ,ആരെയും നോക്കാതെ ജയമോള്‍ പൊലീസിനെ നേരേ കൊണ്ടുപോയത് അടുക്കളയിലേക്കാണ്. അടുക്കളയിലെ സ്ലാബില്‍ ഇരുന്ന മകന്റെ കഴുത്തില്‍ ഷാള്‍ മുറുക്കിയതും മകന്‍ താഴേക്കു വീണതും പൊലീസിനുമുന്നില്‍ ജയമോള്‍ വിശദീകരിച്ചു. പിന്നീട് നേരേ വീടിന് പുറത്തേക്ക്, ജനങ്ങളുടെ കൂക്കിവിളികള്‍ക്കിടിയിലൂടെ പൊലീസിനെ ജയതന്നെ അടുക്കളയുടെ പിന്‍ഭാഗത്തേക്ക് കൊണ്ടുവന്നു. കഴുത്ത് ഞെരിച്ച തുണിയും തറവൃത്തിയാക്കിയ തുണിയും പൊലീസിനു കാണിച്ചുകൊടുക്കുമ്പോള്‍ മാത്രമാണ് ജയയുടെ മുഖത്ത് അല്പമെങ്കിലും ദുഖം പ്രകടമായത്.

എന്നാല്‍ അതു താല്‍ക്കാലിമായിരുന്നു. വീണ്ടും ഒരു ഭാവഭേദവുമില്ലാതെ കുട്ടിയെ ആദ്യം കത്തിച്ച സ്ഥലം പൊലീസിനു കാണിച്ചുകൊടുത്തു. മതിലിനോടു ചേര്‍ന്നു വിറക് കൂട്ടിയിട്ടാണ് മകനെ ആദ്യം കത്തിച്ചത്. സമീപത്തെ വീട്ടില്‍ നിന്ന് മണ്ണെണ്ണ വാങ്ങിയിരുന്നതിനാല്‍ തീ കത്തുന്നത് കണ്ട് ആര്‍ക്കും സംശയം തോന്നിയില്ലെന്നും ജയ പൊലീസിനോട് പറഞ്ഞു. വീടിനു പിന്നിലെ അരമതില്‍ നിന്നു മകന്റെ മൃതദേഹം അപ്പുറത്തേക്ക് ഇട്ടശേഷം മതില്‍ ചാടികടന്നാണു പോയതെന്നായിരുന്നു മൊഴി. എന്നാല്‍ വിശ്വസിക്കാതിരുന്നവരുടെ മുന്നില്‍ എങ്ങനയാണു മതിലിന് അപ്പുറം പോകുന്നതെന്നു ജയ കാണിച്ചു കൊടുത്തു. തിങ്ങിക്കൂടിയ ആളുകളെ പൊലീസ് ലാത്തിവീശീ ഓടിച്ചതിനു ശേഷമാണ് തൊട്ടടുത്ത സ്ഥലത്തേക്കു ജയ പോയത്. ഒഴിഞ്ഞ കെട്ടിടത്തിനു സമീപത്തുനിന്ന് കൊലയ്ക്ക് ഉപയോഗിച്ച മറ്റൊരു തുണിയും ജയ പൊലീസിനു കാട്ടിക്കൊടുത്തു.

പിന്നീട് മൃതദേഹം ഉപേക്ഷിച്ച പ്രദേശത്തേക്കാണ് കൊണ്ടുപോയത്. ഏതുവഴിയാണ് മൃതദേഹം കൊണ്ടുപോയതെന്നും എങ്ങനെയാണ് ഉപേക്ഷിച്ചതെന്നും കാണിച്ചു കൊടുത്തു. തിങ്ങിനിറഞ്ഞ ജനങ്ങള്‍ക്കിടയിലൂടെ ഏറെ പാടുപെട്ടാണ് ജയമോളെ പുറത്തെത്തിച്ചത്. തെളിവെടുപ്പിനുശേഷം തിരികെ കൊണ്ടുപോകുന്ന വഴി ജീപ്പിനു നേരേ കല്ലേറുണ്ടായി.