നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പിസി ജോര്‍ജിന്റെ കത്ത്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പി.സി.ജോര്‍ജി എം.എല്‍.എയുടെ കത്ത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരുപാടു ദുരൂഹതകള്‍ ഇപ്പോഴും നിലനില്‍ക്കുമ്പോള്‍,സംഭവത്തിലെ ദൃക്സാക്ഷിയായ വാന്‍ ഡ്രൈവര്‍ മാര്‍ട്ടിന്റേതായി പുറത്തു വന്നിട്ടുള്ള മൊഴി,ദിലീപിനെ വ്യക്തിഹത്യ ചെയ്യാന്‍ പോലീസ് ഗൂഡാലോചന നടത്തിയെന്ന സംശയം ബലപ്പെടുത്തുകയാണ്.പുറത്തു വന്നിട്ടുള്ള മൊഴി സംസ്ഥാന ഭരണകൂടത്തെയും,ജൂഢീഷ്യറിയെയും ,ജനങ്ങളെയും കബളിപ്പിക്കാന്‍ ഒരു സംഘം ആളുകള്‍ ശ്രമിച്ചതിന്റെ ഫലമാണെന്നും,അതിനാല്‍ കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നും പി.സി.ജോര്‍ജ് കത്തിലൂടെ ആവശ്യപ്പെടുന്നു.
ശ്രീജിവിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് വിജ്ഞാപനം പുറത്തിറക്കിയ സാഹചര്യത്തില്‍, ശ്രീജിവിന്റെ മരണത്തിന് പ്രധാന ഉത്തരവാദികളെന്ന് ആരോപിക്കുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാറടക്കമുള്ള മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉത്തരവാദിത്വപ്പെട്ട പദവികളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പി.സി.ജോര്‍ജ് എം.എല്‍.എയുടെ കത്ത്.
സി.ബി.ഐ അന്വേഷണം ഏറ്റെടുത്ത സ്ഥിതിക്ക് ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ ഇനിയും പദവികളില്‍ തുടരുന്നത് ഈ കേസിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമീപനം സംബന്ധിച്ച് ഒട്ടേറെ സംശയങ്ങള്‍ ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്നും ഇതൊഴിവാക്കാന്‍ ഇവരെ പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നുമാണ് പി.സി. ജോര്‍ജ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കത്തിന്റെ പൂര്‍ണ്ണ രൂപം ചുവടെ
ബഹു. മുഖ്യമന്ത്രീ,
ശ്രീജിവിന്‍ എന്ന ചെറുപ്പക്കാരന്റെ മരണം സംബന്ധിച്ച് സി.ബി.ഐ അന്വാഷണം സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയതായി അറിഞ്ഞു.ഇക്കാര്യത്തില്‍ ഉറച്ച നിലപാടു സ്വീകരിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നു.പ്രസ്തുത വിജ്ഞാപനം ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ കൈയ്യില്‍ സമരപ്പന്തലില്‍ നേരിട്ടെത്തി അങ്ങയുടെ പ്രൈവറ്റ് സെക്രട്ടറി ശ്രീ.എം.വി.ജയരാജന്‍ കൈമാറിയ നടപടിയും അഭിനന്ദനീയമാണ്.
ഈ വിഷയത്തില്‍ അടിയന്തിര പ്രാധാന്യം നല്‍കി സര്‍ക്കാര്‍ ചെയ്യേണ്ട പരമ പ്രധാനമായ ഒരു കര്‍ത്തവ്യം കൂടി ബാക്കി നില്‍ക്കുന്നതു കൂടി അങ്ങയുടെ ശ്രദ്ധയിലേക്ക് ചൂണ്ടിക്കാണിക്കട്ടെ.ശ്രീജിവിന്റെ മരണത്തിന് പ്രധാന ഉത്തരവാദിയെന്ന് ആരോപണമുള്ള ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മി.ഗോപകുമാറടക്കമുള്ള മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ഉത്തരവാദിത്വപ്പെട്ട പദവികളില്‍ തുടരുന്നത്.ശരിയല്ല.അവര്‍ ഇനിയും പദവികളില്‍ തുടരുന്നത് ഈ കേസിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമീപനം സംബന്ധിച്ച് ഒട്ടേറെ തെറ്റിദ്ധാരണകള്‍ ജനങ്ങള്‍ക്കിടയിലുണ്ടാകും.ആയതിനാല്‍ ശ്രീജിവിന്റെ മരണ കാരണം കണ്ടെത്തുന്നതിനുള്ള സി.ബിഐ അന്വോഷണം പ്രഖ്യാപിക്കപ്പെട്ടതിനാല്‍,ആ അന്വേഷണം പൂര്‍ത്തിയാകുംവരെ, അതിനുത്തരവാദികളെന്ന് ആരോപണങ്ങളുയര്‍ന്ന ഇപ്പോഴത്തെ ചവറ സി.ഐ ഗോപകുമാറടക്കമുള്ള മുഴുവന്‍ പോലീസുദ്യോഗസ്ഥരെയും ഇന്നു മുതല്‍ പദവികളില്‍ നിന്നും അടിയന്തിരമായി മാറ്റി നിര്‍ത്തണമെന്ന് നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ ഞാന്‍ അങ്ങയോട് ആവശ്യപ്പെടുന്നുു.
മറ്റൊരു പ്രധാനപ്പെട്ട വസ്തുതയും ചൂണ്ടിക്കാണിക്കട്ടെ.
കൊച്ചിയില്‍ ഒരു സിനിമനടി ആക്രമിക്കപ്പെട്ട സംഭവത്തെ മുതലെടുക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ കൈയ്യിലെ ഉപകരണമായിട്ടാണ് പോലീസ് ആ കേസിനെ സമീപിച്ചതെന്നും അതേ തുടര്‍ന്നുള്ള ഗൂഢാലോചനാ കേസ് സിനിമാ നടന്‍ ശ്രീ.ദിലീപിന്റെ തൊഴിലും ജീവിതവും ബിസിനസും നശിപ്പിക്കാന്‍ നടന്ന ആസൂത്രിത പരിശ്രമവുമായിരുന്നു എന്നുള്ളത് ഈ സംഭവത്തെ തുടര്‍ന്നുള്ള വിശദാംശങ്ങള്‍ വെളിപ്പെടാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഞാനെടുത്ത നിലപാടാണ്.ആ നിലപാടില്‍ ഇപ്പോഴും ഞാന്‍ ഉറച്ചു നില്‍ക്കുകയാണ്.ഈ കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വോഷിക്കണമെന്ന ശ്രീ.ദിലീപിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി ബഹു.കോടതി അന്വേഷണ ഉദ്യോഗസ്ഥനെ ശാസിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.കൊച്ചിയില്‍ സിനിമാ നടി ആക്രമിക്കപ്പെട്ട കേസും, ആ സംഭവത്തിലെ ഗൂഢാലോചനാ കേസും അന്വോഷിക്കുന്ന പോലീസ് സംഘത്തെ നയിച്ച ADGP ശ്രീമതി.സന്ധ്യയെ ഇക്കഴിഞ്ഞ ദിവസം മറ്റൊരു പദവിയിലേക്ക് മാറ്റി നിയമിച്ചത് അങ്ങേയറ്റം അഭിന്ദനാര്‍ഹമായ നടപടിയാണെന്നും പറയട്ടെ.കാരണം ബഹു.കോടതി നിര്‍ദ്ദേശിച്ച അന്വേഷണത്തിന് അത് അഭികാമ്യമാകും.
പക്ഷേ ഞാന്‍ ഉന്നയിക്കുന്ന വിഷയം കൊച്ചിയില്‍ സിനിമനടി ആക്രമിക്കപ്പെട്ടു എന്ന കേസുമായി ബന്ധപ്പട്ട് ഒരുപാടു ദുരൂഹതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.ആ സംഭവത്തിലെ ദൃക്സാക്ഷിയായ വാന്‍ ഡ്രൈവര്‍ മാര്‍ട്ടിന്റേതായി പുറത്തു വന്നിട്ടുള്ള മൊഴി ഒരു ഭരണകൂടത്തിനും തള്ളിക്കളയാനാവില്ല.സംസ്ഥാന ഭരണകൂടത്തെ,ജൂഢീഷ്യറിയെ,ജനങ്ങളെ,നീതിന്യായ വ്യവസ്ഥിതിയെയൊക്കെ കബളിപ്പിക്കാന്‍ ഒരു സംഘം ആളുകള്‍ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് ഇത്തരമൊരു കേസ് ഈ രീതിയില്‍ പോലീസ് കൈകാര്യം ചെയ്തതെന്ന സംശയം ബലപ്പെടുകയാണ്.
ആയതിനാല്‍ ബഹു.മുഖ്യമന്ത്രീ,ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ഭാരതീയ നീതിന്യായ വ്യസ്ഥിതിയുടെ പ്രഖ്യാപിത കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്നതിനും ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുന്നതിനും കൊച്ചിയില്‍ സിനിമാ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട മുഴുവന്‍ സത്യാവസ്ഥ പുറത്തുവരാന്‍ സി.ബി.ഐ അന്വാഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി തീരുമാനമെടുക്കണം എന്ന് കൂടി ഞാന്‍ അങ്ങയോട് അഭ്യര്‍ത്ഥിക്കുന്നു.
വിശ്വസ്തതയോടെ,
പി.സി.ജോര്‍ജ്.