ചികിത്സാസഹായത്തിന്‍റെ പേരില്‍ ഗാനമേള തട്ടിപ്പ് ; സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍
വൈകല്യം ബാധിച്ചവര്‍ക്ക് വേണ്ടിയുള്ള ചികിത്സാ സഹായപദ്ധതി എന്ന പേരില്‍ ഗാനമേള നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. മണിമല സ്വദേശികളായ ജോയി, സുകുമാരന്‍ എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചത്. വ്യാഴാഴ്ച രാത്രിയോടെ നെടുങ്കണ്ടം ടൗണിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. കോട്ടയം സ്വദേശിയായ പതിനൊന്നുവയസ്സുകാരനു ചികിത്സാ സഹായം നല്‍കുന്നതിനായി ഗാനമേളയുമായെത്തിയ സംഘത്തെയാണ് നാട്ടുകാര്‍ കൈയോടെ പിടികൂടിയത്. ഗാനമേള സംഘത്തിന്‍റെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ വാഹനത്തിലെ ഫ്‌ളെക്‌സില്‍ നല്‍കിയിരിക്കുന്ന നമ്പരില്‍ വിളിച്ചതോടെയാണ് തട്ടിപ്പു വിവരം പുറത്തായത്. കോട്ടയം മണിമല സ്വദേശിയായ പതിനൊന്നു വയസ്സുകാരന്റെ വീട്ടിലെത്തി സഹായം വാഗ്ദാനംചെയ്ത സംഘം ചികിത്സക്കാവശ്യമായ പണം നല്‍കാമെന്ന വ്യവസ്ഥയില്‍ കുട്ടിയുടെ പേരില്‍ ബാങ്ക് അക്കൌണ്ട് എടുപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.
കുട്ടിയുടെ പിതാവിനെ പോലീസ് വിളിച്ചപ്പോള്‍ രണ്ടാഴ്ച മുന്‍പ് സംഘം 20,000 രൂപ നല്‍കിയിരുന്നതായി പറഞ്ഞു. ഇതിനുശേഷം പണമൊന്നും നല്‍കിയിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ ഇന്നലെ മാത്രം ഹൈറേഞ്ച് മേഖലയില്‍നിന്ന് 13,000 രൂപയോളമാണ് ഇവര്‍ പിരിച്ചത് എന്ന് തെളിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ സംഘം പിരിച്ച പണം എവിടെപ്പോയെന്ന അന്വേഷണത്തിലാണ് പോലീസ്, ഒരുലക്ഷത്തോളം രൂപ ഇവര്‍ക്ക് ജില്ലയില്‍നിന്ന് ലഭിച്ചെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. പിരിച്ചെടുത്ത പണം നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് സ്റ്റേഷനില്‍ പണം എണ്ണിതിട്ടപ്പെടുത്തിയത്. ഈ പണം പതിനൊന്നു വയസ്സുകാരന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ച് നല്‍കാനാണ് പോലീസിന്റെ തീരുമാനം. അതേസമയം കേരളത്തില്‍ ഉടനീളം വേരുകള്‍ ഉള്ള സംഘടനയുടെ കണ്ണികളാണ് ഇവരെന്ന് പോലീസ് പറയുന്നു.