ധനബില്‍ പാസാക്കാനുള്ള വോട്ടെടുപ്പില്‍ പരാജയം; യുഎസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലച്ചേക്കും
വാഷിങ്ടന്‍:ധനകാര്യബില്‍ പാസാക്കാനുള്ള വോട്ടെടുപ്പ് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് യു.എസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലച്ചേക്കും.വെള്ളിയാഴ്ച രാത്രിയില്‍ നടന്ന സെനറ്റര്‍മാരുടെ യോഗത്തിലെ വോട്ടെടുപ്പിലാണ് അമേരിക്കന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത്. ‘ഡ്രീമേഴ്‌സ്’ എന്നറിയപ്പെടുന്ന ചെറുപ്പക്കാരായ കുടിയേറ്റക്കാരുടെ പദ്ധതികള്‍ പരിഗണിക്കാതിരുന്നതിനെ തുടര്‍ന്നാണ് ബില്‍ പാസാകാതിരുന്നത്.
ബില്‍ പാസാക്കാന്‍ അറുപതു വോട്ടുകളാണ് ഭരണ പക്ഷമായ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കു വേണ്ടിയിരുന്നത്. എന്നാല്‍ 50 വോട്ടുകള്‍ മാത്രം നേടാന്‍ അവര്‍ക്കു കഴിഞ്ഞുള്ളു. അതേസമയം, അഞ്ചു ഡമോക്രാറ്റ് സെനറ്റര്‍മാര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ നാലു റിപ്പബ്ലിക്ക് അംഗങ്ങള്‍ എതിര്‍ത്തു വോട്ടു ചെയ്തു.ധനകാര്യ ബില്‍ പാസ്സാക്കാന്‍ കഴിയാതെ വന്നതോടെ അമേരിക്കന്‍ സര്‍ക്കാരിന്റെ ഭരണം തുലാസ്സിലായ അവസ്ഥയാണ്.