എം സ്വരാജ് എം എല്‍ എയും ഷാനിയും ഒരു ലിഫ്റ്റില്‍ ; ചിത്രം പ്രചരിപ്പിച്ചവര്‍ക്ക് എതിരെ ഡിജിപിക്ക് പരാതി നല്കി ഷാനി
എം സ്വരാജ് എംഎല്‍എയും മനോരമ ചാനല്‍ അവതാരക ഷാനി പ്രഭാകറും ഒരു ലിഫ്റ്റില്‍ ഒരുമിച്ചു നില്ക്കുന്ന തരത്തിലുള്ള ചിത്രം ലൈംഗിക ചുവയുള്ള കമന്റുകളോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ പരാതിയുമായി ഷാനി രംഗത്ത്. തങ്ങള്‍ ഒരുമിച്ച് ലിഫ്റ്റില്‍ നില്ക്കുന്ന ചിത്രം ഉപയോഗിച്ച് ഒരു സംഘം ആളുകള്‍ ഫേസ്ബുക്കിലും വാട്സാപ്പിലും അപവാദപ്രചാരണം നടത്തുന്നുവെന്ന് അവര്‍ ഡിജിപിക്ക് നല്കിയ പരാതിയില്‍ ഉന്നയിക്കുന്നു. അപവാദ പ്രചരണത്തിന് ഉപയോഗിക്കുന്ന ലിങ്കുകളും പോസ്റ്റുകളും ഷാനി ഡിജിപിക്ക് നല്കിയ പരാതിയില്‍ കൈമാറിയിട്ടുണ്ട്. സംഘപരിവാര്‍ ട്രോള്‍ ഗ്രൂപ്പായ ഔട്സ്പോക്കണാണ് ഇത്തരത്തിലുള്ള ട്രോളുകള്‍ നിരന്തരം നല്കിക്കൊണ്ടിരുന്നത്. തിരുവനന്തപുരത്ത് ഒറ്റയാള്‍ സമരമിരിക്കുന്ന ശ്രീജിത്തിനേക്കൊണ്ട് വാങ്ങിയ തുക തിരികെ കൊടുപ്പിക്കുമെന്നുപറഞ്ഞ് വിവാദ താരമായ ശ്രീദേവ് സോമന് എന്ന കെഎസ്യു നേതാവും തികച്ചും നിന്ദ്യമായ ഭാഷയില്‍ കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്. ഒരുമിച്ച് ലിഫ്റ്റില്‍ നില്ക്കുന്ന ചിത്രം സംഘപരിവാര്‍ ബിജെപി അനുകൂല പേജുകളും പ്രൊഫൈലുകളും ദുരുപയോഗം ചെയ്തിട്ടുണ്ട്. ഔട്ട്സ്പോക്കണ്‍ ഗ്രൂപ്പിന്റെ അഡ്മിന്മാരുള്പ്പെടെ ഇത്തരം പോസ്റ്റുകള്‍ കുറിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം തെളിവുസഹിതം ഡിജിപിക്ക് നല്‍കിയിട്ടുണ്ട്.
പരാതിയുടെ പൂര്‍ണ്ണരൂപം :
ഡി.ജി.പിക്ക് നൽകിയ പരാതി
_______________________
സര്,
ഞാന്‍ ഷാനി പ്രഭാകരന്, മനോരമന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തകയാണ്. ഇന്നലെ മുതല്‍ എനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകളുമായി ഒരു സംഘം ആളുകള്‍ ഫേസ്ബുക്കിലും വാട്സാപ്പിലും അപവാദപ്രചാരണം നടത്തുന്നു. സുഹൃത്തും എം.എല്‍.എയുമായ എം.സ്വരാജിനൊപ്പം ലിഫ്റ്റില്‍ നില്ക്കുന്ന ഫോട്ടോ ഉപയോഗിച്ച് അങ്ങേയറ്റം മോശമായ രീതിയില്‍ സംഘടിതമായി പ്രചരിപ്പിക്കുകയാണ്.ലൈംഗികച്ചുവയോടെയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപം നടത്തുകയാണ്. സ്ത്രീ എന്ന രീതിയില്‍ എന്റെ അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയെയും ബാധിക്കുന്ന പ്രസ്തുതനടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ചിരിക്കുന്ന പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും ഇതോടൊപ്പം ചേര്‍ക്കുന്നു.
ഷാനി പ്രഭാകരന്
ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍
മനോരമന്യൂസ്
കൊച്ചി