സര്‍ക്കുലര്‍ പേപ്പറില്‍ മാത്രമൊതുങ്ങി; പാലക്കാട്ടെ സ്‌കൂളില്‍ ദേശീയ പതാകയുയര്‍ത്തി മോഹന്‍ ഭാഗവത്

പാലക്കാട് : ദേശീയ പതാക ഉയര്‍ത്തുന്നതു സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി. രാവിലെ 9.10 നായിരുന്നു മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്.വന്‍ പൊലീസ് സുരക്ഷയില്‍ ആയിരുന്നു ചടങ്ങ് നടന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ മോഹന്‍ ഭാഗവത് മൂത്താന്തറ കര്‍ണ്ണകയമ്മന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയതും അതിനെതിരെ വിദ്യഭ്യാസവകുപ്പ് സ്വീകരിച്ച നടപടികളും ദേശീയതലത്തില്‍ തന്നെ രാഷ്ട്രീയ വിവാദമായിരുന്നു.

മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തുമെന്ന് സൂചന ലഭിച്ച സാഹചര്യത്തില്‍ 14ന് രാത്രി ചടങ്ങ് തടഞ്ഞുകൊണ്ട് ജില്ലാ അധികൃതര്‍ സ്‌കൂള്‍ അധികൃതര്‍ക്കു കത്തു നല്‍കിയിരുന്നു. എന്നാല്‍ മോഹന്‍ ഭാഗവത്സ്‌കൂളില്‍ പതാക ഉയര്‍ത്തി. എന്നാല്‍, ആര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്കായിരുന്നില്ല

ഈ സംഭവം വിവാദമായതുകൊണ്ടുതന്നെ,വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ സ്‌കൂള്‍ മേധാവികളാണു പതാക ഉയര്‍ത്തേണ്ടതെന്നു കാണിച്ചു പൊതുഭരണവകുപ്പ് കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. അതേസമയം, വ്യാസവിദ്യാപീഠം സ്‌കൂള്‍ സിബിഎസ്ഇക്കു കീഴിലായതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ബാധകമല്ലെന്നാണ് ആര്‍എസ്എസ് വാദിക്കുന്നത്. സര്‍ക്കുലര്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനുള്ള കോഡിന്റെ ലംഘനമാണെന്നും സംഘടനാനേതാക്കള്‍ ആരോപിക്കുന്നുണ്ട്.