മകന്‍ കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കണമെന്ന് ചവറ എംഎല്‍എ വിജയന്‍ പിള്ള
കൊല്ലം:ദുബായി കമ്പനിയില്‍ നിന്നും 13 കോടി തട്ടിയ കേസില്‍ മകന്റെ ഇടപാടുകളെക്കുറിച്ച് വിശദീകരണവുമായി ചവറ എം.എല്‍.എ വിജയന്‍ പിള്ള രംഗത്ത്. മകന്റെ ബിസിനസിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഇപ്പോള്‍ പുറത്തുവരുന്നത് പോലുള്ള സാമ്പത്തിക ഇടപാടുകള്‍ തനിക്കില്ലെന്ന് മകന്‍ പറഞ്ഞിട്ടുണ്ടെന്നും വിജയന്‍ പിള്ള പറഞ്ഞു. ഇപ്പോഴുള്ള കേസുകളില്‍ മകന്‍ കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും എം.എല്‍.എ ആയതുകൊണ്ട് മനപ്പൂര്‍വം തേജോവധം ചെയ്യാന്‍ ശ്രമം നടക്കുന്നുവെന്നും വിജയന്‍ പിള്ള ആരോപിച്ചു.
കേസ് വന്നപ്പോള്‍ തന്നോട് ഇടപെടേണ്ടന്ന് മകന്‍ പറഞ്ഞിരുന്നതായും വിജയന്‍ പിള്ള പറഞ്ഞു. കോടിയേരിയുടെ മകനും വിജയന്‍ പിള്ളയുടെ മകനും എന്നു പറഞ്ഞ് പ്രചരിപ്പിക്കുമ്പോള്‍ എന്തെങ്കിലും ലക്ഷ്യം നേടാം എന്ന് ചിലര്‍ കരുതിയിരിക്കുമെന്ന് വിജയന്‍ പിള്ള ആരോപിച്ചു.
എംഎല്‍ എ എന്ന സ്വാധീനമുപയോഗിച്ച് താന്‍ മകനുവേണ്ടി ഒന്നും നേടി കൊടുത്തിട്ടില്ലെന്നും വിജയന്‍ പിള്ള പറഞ്ഞു. ഇന്റര്‍പോളിന്റെ അറസ്റ്റ് വാറണ്ടിനെക്കുറിച്ച് തനിക്കറിയില്ലെന്നും രാഹുല്‍ കൃഷ്ണ 17 തവണ തന്നെയും മകനെയും കണ്ടിരുന്നുവെന്നതും തെറ്റാണെന്നും വിജയന്‍ പിള്ള വിശദമാക്കി.