സിനിമാ താരവും ഓട്ടന്‍തുള്ളല്‍ കലാകാരനുമായ കലാമണ്ഡലം ഗീതാനന്ദന്‍ അന്തരിച്ചു ; മരണമെത്തിയത് ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ

പ്രശസ്ത ഓട്ടം തുള്ളല്‍ കലാകാരനും സിനിമാ താരവുമായ കലാമണ്ഡലം ഗീതാനന്ദന്‍ (58) അന്തരിച്ചു. തൃശ്ശൂര്‍ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള അവിട്ടത്തൂര്‍ മഹാശിവക്ഷേത്രത്തില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ ഇദ്ദേഹം വേദിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ പ്രഥമശുശ്രൂഷ നല്‍കിയശേഷം ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 33 വര്‍ഷം കലാമണ്ഡലം അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ നാല്‍പത് വര്‍ഷമായി തുള്ളല്‍ ആഭ്യസിപ്പിക്കുന്ന ഗീതാനന്ദന് തൊള്ളായിരത്തോളം ശിഷ്യന്മാരുണ്ട്. കമലദളം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ ഗീതാനന്ദന്‍  അനേകം  ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.