അവിവാഹിത സ്ത്രീകളില്‍ ഗര്‍ഭനിരോധ ഉറയുടെ ഉപയോഗത്തില്‍ ആറ് മടങ്ങ് വര്‍ദ്ധനവ്; ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് 20നും 24നും ഇടയിലുള്ള പെണ്‍കുട്ടികള്‍

ന്യൂഡല്‍ഹി:ഇന്ത്യയില്‍ അവിവാഹിതരായ സ്ത്രീകളില്‍ ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗത്തില്‍ ആറ് മടങ്ങിന്റെ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട്. 15-നും 45നും ഇടയിലുള്ള അവിവാഹിതരായ സ്ത്രീകളില്‍ ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗത്തില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ ആറ് മടങ്ങിന്റെ വര്‍ദ്ധനയുണ്ടായി എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

2015- 16ലെ ദേശീയ ആരോഗ്യ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. പത്തു വര്‍ഷം മുന്‍പ് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം രണ്ട് ശതമാനം ആയിരുന്നിടത്താണ് ഇപ്പോള്‍ ആറു ശതമാനം വര്‍ദ്ധനവുണ്ടായിരിക്കുന്നത്. 20നും 24നും ഇടയിലുള്ള പെണ്‍കുട്ടികളാണ് ഗര്‍ഭനിരോധന ഉറകള്‍ കൂടുതലായി ഉപയോഗിക്കുന്നതെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.എട്ട് പുരുഷന്മാരില്‍ മൂന്ന് പേര്‍, ഗര്‍ഭനിരോധന ഉറകളെ സ്ത്രീകളുടെ ആവശ്യകതയായാണ് കാണുന്നത്.

അതേസമയം, രാജ്യത്തെ 99 ശതമാനം സ്ത്രീകള്‍ക്കും ഗര്‍ഭനിരോധന മാര്‍ഗങ്ങളെ കുറിച്ച് വ്യക്തമായി അറിയാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 15നും 49നും ഇടയിലുള്ള പുരുഷന്മാരും ഇതേക്കുറിച്ച് ബോധവാന്മാരാണ്. 15നും 49നും ഇടയിലുള്ള വിവാഹിതരായ സ്ത്രീകളില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരുടെ ആകെ നിരക്ക് 54 ശതമാനാണ്. ഇവരില്‍ പത്ത് ശതമാനം മാത്രമെ ആധുനിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുള്ളൂ.

സമൂഹത്തിലെ വലിയൊരു വിഭാഗം സ്ത്രീകളും പരന്പരാഗതമായ ഗര്‍ഭനിരോധന മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. ഇതേസമയം,വന്ധീകരണമാണ് സ്ത്രീകള്‍ക്കിടയിലെ ഏറ്റവും പ്രചാരമേറിയ ഗര്‍ഭനിരോധന രീതിയായി കണ്ടുവരുന്നത്.ഏറ്റവും കൂടുതല്‍ ഗര്‍ഭ നിരോധന ഉറകള്‍ ഉപയോഗിക്കുന്നത് പഞ്ചാബാണ്. 76 ശതമാനാണ് ഈ നിരക്ക്. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ഏറ്റവും കുറവുള്ളത് മണിപ്പൂര്‍, ബീഹാര്‍, മേഘാലയ എന്നിവിടങ്ങളിലാണ്, 24 ശതമാനം.