ബിജെപി ബന്ധം അവസാനിപ്പിക്കാനൊരുങ്ങി തെലുങ്കുദേശം പാര്‍ട്ടി

ശിവസേനക്ക് പിന്നാലെ ബിജെപിയോട് എതിര്‍പ്പ് പ്രകടിപ്പിച്ച് തെലുങ്കുദേശം പാര്‍ട്ടി.ആന്ധ്രാപ്രദേശില്‍ ബി.ജെ.പി സംസ്ഥാന ഘടകവുമായി തുടരുന്ന അഭിപ്രായ ഭിന്നതകള്‍ക്ക് പുറമെ കേന്ദ്ര ബജറ്റിലെ അവഗണനയും ടി.ഡി.പിയെ ചൊടിപ്പിച്ചിട്ടുണ്ട്.ആന്ധ്രയെക്കുറിച്ച് ഒരു പരാമര്‍ശവും പോലുമില്ലാത്ത കേന്ദ്രബജറ്റ് സംസ്ഥാനത്തെ അപമാനിക്കുന്നതാണെന്ന വിമര്‍ശനമാണ് ടിഡിപി നേതാക്കള്‍ ഉന്നയിക്കുന്നത്.

വിശാഖപട്ടണത്തിന് പുതിയ റെയില്‍വേ സോണും തലസ്ഥാനമായ അമരാവതിക്ക് പ്രത്യേക പദ്ധതികളുമെല്ലാം സംസ്ഥാനം പ്രതീക്ഷിച്ചിരുന്നു. ബജറ്റ് നിരാശപ്പെടുത്തിയതോടെ എന്‍ഡിഎയില്‍ തുടരുന്നതില്‍ കാര്യമില്ലെന്നറിയിച്ച് ചില എംപിമാര്‍ രാജിക്കൊരുങ്ങിതയാണ് റിപ്പോര്‍ട്ട്.ഇവരുമായി ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തി.എംപിമാരുള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുടെ അടിയന്തര യോഗം ഞായറാഴ്ച അമരാവതിയില്‍ അദ്ദേഹം വിളിച്ചുചേര്‍ത്തിട്ടുണ്ട്. എന്‍ഡിഎയില്‍ തുടരുന്നത് അടക്കമുളള കാര്യങ്ങളില്‍ യോഗം നിര്‍ണ്ണായക തീരുമാനം കൈക്കൊള്ളുമെന്നാണ് കരുതുന്നത്.

കേന്ദ്ര അവഗണനയില്‍ അമര്‍ഷമറിയിച്ച നായിഡു എംപിമാരുടെ പരസ്യ പ്രതികരണവും വിലക്കി.പ്രത്യേക പദവിയടക്കം സംസ്ഥാന വിഭജനത്തിന് ശേഷം അര്‍ഹമായതൊന്നും ആന്ധ്രയ്ക്ക് അനുവദിക്കുന്നില്ലെന്നും ടിഡിപിക്ക് പരാതിയുണ്ട്. അതേ സമയം മുഖ്യപ്രതിപക്ഷമായ വൈഎസ്ആര്‍ കോണ്‍ഗ്രസ് ബിജെപിയുമായി അടുക്കുന്നതും ടിഡിപിയുടെ ആശങ്കയാണ്.

ദക്ഷിണേന്ത്യയിലെ വലിയ ഘടകകക്ഷിയായ ടിഡിപി കടുത്ത നിലപാടെടുക്കുന്നത് ബിജെപിക്ക് ക്ഷീണമാകും.അതിനുമുമ്പ് അനുരഞ്ജന ചര്‍ച്ചകള്‍ക്കായി ബിജെപിയും നീക്കം തുടങ്ങിയിട്ടുണ്ട്.