രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് ജയം

ദക്ഷിണാഫ്രിക്കയക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം. 19 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 177 പന്ത് ബാക്കിനില്‍ക്കെ എട്ടു വിക്കറ്റിനു ജയം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. ഇതോടെ ആറു ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 32.2 ഓവറില്‍ 118 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ചു വിക്കറ്റെടുത്ത ചാഹലും മൂന്നു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും ചേര്‍ന്നാണ് ആതിഥേയരുടെ നടുവൊടിച്ചത്. 39 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലെത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്ക പിന്നീട് തകര്‍ച്ചയിലേക്ക് വീഴുകയായിരുന്നു. ഒരു ഘട്ടത്തില്‍ പോലും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് തിരിച്ചുവരാനായില്ല.

11 റണ്‍സെടുക്കുന്നതിനിടയിലാണ് അവസാന അഞ്ചു വിക്കറ്റ് ദക്ഷിണാഫ്രിക്ക നഷ്ടപ്പെടുത്തിയത്. രണ്ടാമത് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 15 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ ശിഖര്‍ ധവാനും വിരാട് കോലിയും ചേര്‍ന്ന് ഇന്ത്യയെ അനായാസം വിജയതീരത്തെത്തിക്കുകയായിരുന്നു. കോലി 50 പന്തില്‍ നാല് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 46 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 56 പന്തില്‍ ഒമ്പത് ഫോറിന്റെ സഹായത്തോടെ ശിഖര്‍ ധവാന്‍ 51 റണ്‍സടിച്ചു.