വ്യത്യസ്തമായ രീതിയില്‍ കടലിന് അടിയില്‍ വെച്ച് ആഡിയോ ലോഞ്ച് നടത്തി കല്യാണം മൂവി ടീം ; കൂടാതെ ഒരു മികച്ച സന്ദേശവും

പ്രശസ്ത മലയാള താരം മുകേഷിന്‍റെ മകന്‍ ശ്രാവന്‍ മുകേഷ് നായകനായി അരങ്ങേറ്റം കുറിയ്ക്കുന്ന സിനിമയാണ് കല്യാണം. സാള്‍ട്ട് മംഗോ ട്രീ എന്ന ചിത്രത്തിന് ശേഷം രാജേഷ്‌ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക പുതുമുഖമായ വര്‍ഷയാണ്. രാജേഷ്‌ നായര്‍,കെ കെ രാധാമോഹന്‍,ഡോ: ഉദയ ഭാനു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിലെ ആഡിയോ പ്രകാശനം ഇന്ന് രാവിലെ തിരുവനന്തപുരത്ത് വെച്ച് നടന്നു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി കടലിന് അടിയില്‍ വെച്ചാണ് ചിത്രത്തിന്റെ സംഗീത പ്രകാശനം നടന്നത്. സിനിമ സംവിധായകന്‍ രാജേഷ് ,നടി വര്‍ഷ കൂടാതെ നിര്‍മ്മാതാവും നടനുമായ വിജയ്‌ ബാബു എന്നിവര്‍ ചേര്‍ന്നാണ് കടലിന് അടിയില്‍ വെച്ച് പ്രകാശനം നടത്തിയത്.ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു സിനിമയുടെ പ്രകാശനം ഇങ്ങനെ നടക്കുന്നത്.

ആഡിയോ പ്രകാശനം എന്നതില്‍ ഉപരി സമൂഹത്തിന് ഒരു സന്ദേശം കൂടി നല്‍കുവാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഒരു മാര്‍ഗ്ഗം തിരഞ്ഞെടുത്തത് എന്ന് ചിത്രത്തിന്റെ സംവിധായകന്‍ രാജേഷ് നായര്‍ പറയുന്നു. മനുഷ്യജീവന്റെ നിലനില്‍പ്പിനു തന്നെ ആവശ്യമായ കടലിനെ ചപ്പുചവറുകള്‍ കൊണ്ട് മൂടി മനുഷ്യന്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യം വന്‍തോതിലാണ് കടലില്‍ തള്ളുന്നത്. അതിനെല്ലാം ഒരു മുന്നറിയപ്പ് എന്ന നിലയിലാണ് ഇത്തരത്തില്‍ ഒരു മാര്‍ഗ്ഗം സ്വീകരിച്ചത്. കടലിനെ സ്നേഹിക്കുന്ന സംഘടനയായ ഓഷ്യന്‍ ലവ് കൂടാതെ ബോണ്ട് സഫാരി കോവളം, ഉദയസമുദ്ര ബീച്ച് റിസോർട്ട് കോവളം എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഇത്തരം ഒരു സംരംഭം അണിയറപ്രവത്തകര്‍ നടപ്പിലാക്കിയത്. നേരത്തെ ഉദയസമുദ്ര ബീച്ച് റിസോർട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദന്‍, മുകേഷ് എന്നിവര്‍ പങ്കെടുത്തിരുന്നു. പ്രകാശ് അലെക്സ് ആണ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.