സുജ്‍വാനിലെ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ സുന്‍ജുവാന്‍ സൈനികക്യാമ്പില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍  കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി . ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഒരു നാട്ടുകാരനും മരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം ക്യാമ്പില്‍ അതിക്രമിച്ച് കയറിയ നാലാമത്തെ ഭീകരനെയും സൈന്യം വധിച്ചു. കരസേനാമേധാവി ബിപിന്‍ റാവത്ത് ജമ്മുവിലെത്തി, സൈനിക കമാന്‍ഡറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ആക്രമണത്തിന് ശേഷം സൈനിക ക്വാര്‍ട്ടേഴ്‌സിനുള്ളില് ഒളിച്ചിരുന്ന ഭീകരരെ ഏറെ നേരത്തെ ഏറ്റുമുട്ടലിന് ശേഷമാണ് സൈന്യം വധിച്ചത്. നിരവധി ആയുധങ്ങളും അക്രമികളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സുബേദാര്‍ മദന്‍ലാല്‍ ചൗധരി, സുബേദാര്‍ മുഹമ്മദ് അഷ്‌റഫ് മിര്‍, ഹവില്‍ദാര്‍ ഹബീബുള്ള ഖുറേഷി, നായിക് മന്‍സൂര്‍ അഹമ്മദ്, ലാന്‍സ് നായിക് മുഹമ്മദ് ഇഖ്ബാല്‍ എന്നിവരാണ് കൊല്ലപ്പെട്ട സൈനികര്‍. 19 സൈനികര്‍ കൊല്ലപ്പെട്ട 2016-ലെ ഉറി ആക്രമണത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് ശനിയാഴ്ച സുന്‍ജുവാന്‍ സൈനിക ക്യാമ്പിന് നേരെ ഉണ്ടായത്.