കുടുംബതര്‍ക്കം ; അങ്കമാലിയില്‍ ഒരു വീട്ടിലെ മൂന്നുപേരെ വെട്ടി കൊലപ്പെടുത്തി

അങ്കമാലി മൂക്കനൂരില്‍ കൂട്ടകൊലപാതകം. ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടി കൊലപ്പെടുത്തി. കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. മൂക്കന്നൂര്‍ എരപ്പ് അറയ്ക്കല്‍ ശിവന്‍, ഭാര്യ വത്സല, മകള്‍ സ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവന്റെ സഹോദരന്‍ ബാബുവാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച വൈകീട്ട് 5.45 ഓടെ ശിവന്റെ വീട്ടിലെത്തിയ സഹോദരന്‍ മൂന്നുപേരെയും ആക്രമിക്കുകയായിരുന്നു.

ശിവന്റെ അഞ്ച് സഹോദരങ്ങള്‍ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. ശിവനും ബാബുവും തമ്മില്‍ ഏറെക്കാലമായി തര്‍ക്കം നിലനിന്നിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സഹോദരന്റെ കുടുംബത്തെ അക്രമിച്ചശേഷം സ്ഥലത്തുനിന്ന് ബൈക്കില്‍ രക്ഷപ്പെട്ട ബാബുവിനുവേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാന്‍ പോകുന്നുവെന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് ഇയാള്‍ ബൈക്കില്‍ രക്ഷപെട്ടത്. കൊല്ലപ്പെട്ട സ്മിതയുടെ മക്കളില്‍ ഒരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.