മാനസികാസ്വാസ്ഥ്യമുള്ള കാണാതായ ഭാര്യയെ അന്വേഷിച്ച് ഭര്‍ത്താവ് സൈക്കിളില്‍ സഞ്ചരിച്ചത് 600 കിലോമീറ്റര്‍

ജാര്‍ഖണ്ഡിലെ ബാലിഗോഡ ഗ്രാമത്തില്‍ നിന്നാണ് ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ഭര്‍ത്താവിന്‍റെ കഥ ലോകം അറിയുന്നത്. മനോഹര്‍ നായക് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. കാണാതായ ഭാര്യ അനിതയെ കണ്ടെത്താനാണ് 42കാരനായ മനോഹര്‍ ഇത്രയും ദൂരം സൈക്കിളില്‍ സഞ്ചരിച്ചത്. 24 ദിവസം കൊണ്ട് 65 ഗ്രാമങ്ങളിലാണ് മനോഹര്‍ തന്‍റെ ഭാര്യയെ അന്വേഷിച്ച് അലഞ്ഞത്. ഭാര്യക്കായി അറുനൂറോളം കിലോമീറ്റര്‍ യാത്ര ചെയ്ത മനോഹറിന്റെ വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യയാണ് ലോകത്തിനെ അറിയിച്ചത്. കുമ്രസോള്‍ ഗ്രാമത്തിലാണ് അനിതയുടെ മാതാപിതാക്കളുടെ വീട്. ഇവിടെ നിന്നാണ് ജനുവരി 14 ന് അനിതയെ കാണാതാവുന്നത്. മകര സംക്രാന്ത്രി ആഘോഷത്തിനാണ് അനിത മാതാപിതാക്കളുടെ വീട്ടില്‍ എത്തിയത്. എന്നാല്‍ വീട്ടില്‍ നിന്നും തിരിച്ച അനിതയെ പിന്നീട് കാണാതാവുകയായിരുന്നു.

മാനസികാസ്വാസ്ഥ്യവും സംസാരിക്കുന്നതിന് ബുദ്ധിമുട്ടുകളുമുള്ള വ്യക്തിയാണ് അനിത. എന്നാല്‍ പോലീസുകാര്‍ക്ക് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയെ കണ്ടെത്താന്‍ മനോഹര്‍ തന്നെ അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് തന്റെ സൈക്കിളില്‍ ചുറ്റുമുള്ള ഗ്രാമങ്ങളില്‍ എല്ലാം ഇയാള്‍ ഭാര്യയെ അന്വേഷിച്ച് അലയുകയായിരുന്നു. എന്നാല്‍ ഇത്രയും ദൂരം സഞ്ചരിച്ചിട്ടും മനോഹറിന് അനിതയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പത്രത്തില്‍ നല്‍കിയ പരസ്യമാണ് മനോഹറിന് തുണയായത്. അങ്ങനെയാണ് ഖരഗ്പുറിലെ ചിലയാളുകള്‍ അവിടത്തെ ഒരു വഴിയോര ഭക്ഷണശാലയ്ക്കു സമീപം ഇരിക്കുന്ന സ്ത്രീ അനിതയാണെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന്‍ പോലീസ് ഇടപെടുകയും ഫെബ്രുവരി പത്തിന് മനോഹറും അനിതയും തമ്മില്‍ വീണ്ടും കാണുകയായിരുന്നു. പതിനൊന്നാം തിയതി ഇരുവരും വീട്ടിലേക്ക് തിരിക്കുകയും ചെയ്തു. ഭാര്യയോടുള്ള മനോഹറിന്റെ സ്നേഹം ഇപ്പോള്‍ ഏവരും വാഴ്ത്തുകയാണ്. എന്തെങ്കിലും കാരണം പറഞ്ഞു ഭാര്യയെ ഉപേക്ഷിക്കുന്നവരുടെ ഇടയില്‍ മാതൃകാ പുരുഷനായി മാറുകയാണ് മനോഹര്‍.