ഭൂമി വിവാദം ; മാര്‍ ആലഞ്ചേരിക്കെതിരെ ബിഷപ്പ് ഹൌസിനു മുന്നില്‍ വിശ്വാസികളുടെ പ്രതിഷേധം

ബിഷപ്പ് ഹൌസിനു മുന്നില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍. ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി(എ എം ടി) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് വിശ്വാസികള്‍ ബിഷപ്പ് ഹൗസിനു മുന്നില്‍ പ്രതിഷേധവുമായി അണിനിരന്നത്. അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദ വിഷയത്തില്‍ ആലഞ്ചേരി സ്ഥാനം ഒഴിയണമെന്ന ആവശ്യമാണ് ഇവര്‍ ഉയര്‍ത്തിയത്. ഭൂമി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലിരിക്കുന്ന ഹര്‍ജികളില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം.

തങ്ങളുടെ വായ മൂടിക്കെട്ടി, ആവശ്യങ്ങള്‍ എഴുതിയ പ്ലക്കാഡുകളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. സഭയുടെ സ്വത്ത് സ്വകാര്യസ്വത്താണെന്നും അത് കൈമാറ്റം ചെയ്യാന്‍ തനിക്ക് പൂര്‍ണ അധികാരമുണ്ടെന്നുമായിരുന്നു മാര്‍ ആലഞ്ചേരി കോടതിയില്‍ വിശദീകരണം നല്‍കിയത്. ഇതിനെതിരെയാണ് ഇപ്പോള്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.