മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠപുസ്തകം പഠിപ്പിച്ചു ; പീസ് ഇന്റര്‍നാഷ്ണല്‍ സ്കൂള്‍ സ്ഥാപകന്‍ എം.എം അക്ബര്‍ പിടിയില്‍

ഹൈദരാബാദ് : മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠപുസ്തകം പഠിപ്പിച്ചെന്ന കേസില്‍ പീസ് ഇന്റര്‍നാഷ്ണല്‍ സ്‌കൂളുകളുടെ സ്ഥാപകനും മുജാഹിദ് പ്രഭാഷകനുമായ എം.എം. അക്ബര്‍ വിമാനത്താവളത്തില്‍ വെച്ച്പിടിയില്‍. വിദേശ സന്ദര്‍ശനത്തിന് ശേഷം തിരികെയെത്തിയ സമയം ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ചാണ് പിടിയിലായത്. കൊച്ചി പൊലീസ് നല്‍കിയ ലുക്കൗട്ട് നോട്ടീസിനെ തുടര്‍ന്നാണ് നടപടി. നേരത്തെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലബസ് പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ അടച്ചു പൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. ജില്ലാ കളക്ടറുടെയും വിദ്യഭ്യാസ വകുപ്പിന്റെയും അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു നടപടി. മതേതരസ്വഭാവമില്ലാത്ത സിലബസാണ് പഠിപ്പിക്കുന്നതെന്നും സര്‍ക്കാരിന്റെ അംഗീകാരമില്ലാതെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നുമുളള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അക്ബറിനെതിരെ കേസെടുത്തിരുന്നു.

2009മുതല്‍ സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സിബിഎസ്ഇ സ്‌കൂളില്‍ പ്രധാനമായും മതപഠനമാണ് നടക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇസ്ലാമിക പ്രഭാഷകനായ എം.എം അക്ബറുടെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീസ് ഫൗണ്ടേഷന് കീഴില്‍ പീസ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ പത്തിലധികം സ്‌ക്കൂളുകള്‍ കേരളത്തിലുണ്ട്.  സ്‌കൂളില്‍ നിന്ന് മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഉള്ള പാഠഭാഗങ്ങള്‍ 2016 ഒക്ടോബറിലാണ് പൊലീസ് പിടിച്ചെടുത്തത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ പാഠപുസ്തകത്തിലെ ആക്ടിവിറ്റി ഭാഗമാണ് വിവാദത്തിലായിരുന്നത്. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അഡ്മിനിസ്ട്രേറ്റര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇപ്പോള്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ തടഞ്ഞു വെച്ച നിലയിലാണ് അക്ബര്‍. കൊച്ചി പൊലീസ് സ്ഥലത്ത് എത്തി അക്ബറിനെ കസ്റ്റഡിയില്‍ എടുക്കും.