കൈക്കൂലിക്കാരായ പോലീസുകാര്‍ക്ക് വീഡിയോ വഴി കിടിലന്‍’പണി’കിട്ടി; വീഡിയോഎടുത്ത ഡ്രൈവര്‍ക്കു പോലീസിന്റെ വക സമ്മാനം

തിരുവനന്തപുരം: ചെമ്മണ്ണു ലോറി തടഞ്ഞ് കൈക്കൂലി വാങ്ങിയ കഠിനംകുളം പോലീസ് സ്റ്റേഷനിലെ അഡീഷനല്‍ എസ്‌ഐ ഷിബു വി ദാസ്, റൂറല്‍ കണ്‍ട്രോള്‍ റൂം വെഹിക്കിള്‍ ഡ്രൈവര്‍ ജി രാജീവ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. റൂറല്‍ എസ്പി അശോക് കുമാറാണ് സസ്‌പെന്‍ഡ് ചെയ്തത്. ചെമ്മണ്ണുമായി പോയ ലോറി തടഞ്ഞ് ഇവര്‍ ഡ്രൈവറോട് കൈക്കൂലി ആവശ്യപ്പെട്ടു.എന്നാല്‍ ലോറി ഡ്രൈവര്‍ സംഭം വീഡിയോയില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിടുകയും ചെയ്തു. തുടര്‍ന്ന് ആറ്റിങല്‍ എസ്‌ഐ അനില്‍കുമാര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയും ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ഇന്നലെ വൈകിട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.ഇതിനു പിന്നാലെ മണിക്കൂറുകള്‍ക്കകം തന്നെ നടപടി വന്നു.

ദൃശ്യങ്ങളില്‍ കാണുന്ന സംഭവം കുറച്ചു നാള്‍ മുന്‍പ് നടന്നതാണെന്നും ഇപ്പോള്‍ അതിന് പ്രസക്തിയില്ലെന്നുമാണ് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ വാദിച്ചത്. മൊബൈല്‍ ക്യാമറയില്‍ ലോറി ഡ്രൈവര്‍ പകര്‍ത്തിയ ദൃശ്യം ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ടാണ് പുറത്തു വിട്ടത്. പിരിവു കുറഞ്ഞതിന് മോശമായ ഭാഷയില്‍ ഡ്രൈവറെ അപമാനിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഉദ്യോഗസ്ഥരുടെ അഴിമതി പുറത്തുകൊണ്ടു വന്ന ഡ്രൈവറെ പാരിതോഷികം നല്‍കി പോലീസ് ആദരിക്കും. ഇത്തരത്തില്‍ പോലീസുകാരുടെ അഴിമതി പുറത്തു കൊണ്ടു വരുന്നവരെ അര്‍ഹമായ പാരിതോഷികം നല്‍കുമെന്നും പോലീസ് അറിയിച്ചു.