പ്രേതനഗരമായി സിറിയയിലെ ഗൌത ; ശവശരീരങ്ങള്‍ കൊണ്ട് നിറഞ്ഞ തെരുവുകള്‍ ; ലോകം തന്നെ ഞെട്ടലില്‍ എന്നാല്‍ ഒന്നും മിണ്ടാതെ മലയാളം മാധ്യമങ്ങള്‍
നിലയ്ക്കാത്ത വെടിയൊച്ചകളുടെ ഇടയില്‍ ജീവനും കയ്യില്‍ പിടിച്ച്‌കൊണ്ട് ജീവിക്കുന്ന ഒരു ജനതയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍. സിറിയയിലെ ഗൌത എന്ന നഗരം ഒരു നരകമായി മാറിയിട്ട് ദിവസങ്ങളായി. ഏതെങ്കിലും യുറോപ്യന്‍ രാജ്യത്ത് ഒരു വെടിയൊച്ച കേട്ടാല്‍ ഉടന്‍ മുന്‍ പേജില്‍ വാര്‍ത്ത നല്‍കുന്ന ഒരു മലയാളം മീഡിയയും സിറിയയിലെ ഈ രക്തചൊരിച്ചില്‍ കണ്ടതായി ഭാവിച്ചില്ല. ലോകരാഷഷ്ട്രങ്ങളുടെ വേദിയായ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പോലും പറയുന്നത് ഇതാണ് ഭൂമിയിലെ നരകമെന്നാണ്. ഒരു ദയയും ഇല്ലാതെ ലോകം മൗനത്തോടെ നോക്കിനില്‍ക്കുകയാണ് സിറിയയിലെ ഈ കൂട്ടക്കുരുതി. ആയിരക്കണക്കിന് മൃതദേഹങ്ങളാണ് തെരുവുകളില്‍ ചിതറിക്കിടക്കുന്നത്. ജീവിക്കാന്‍ കൊതിക്കുന്ന മനുഷ്യരുടെ നേര്‍ക്ക് ഒരു ദയയും ഇല്ലാതെ ബോംബുകള്‍ വര്‍ഷിക്കുകയാണ് സിറിയന്‍ ഭരണകൂടം.
ഗൗത ജില്ല വര്‍ഷങ്ങളായി സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം ഉപരോധിക്കുകയാണ്. അസദ് ഭരണകൂടത്തെ വിമര്‍ശിക്കുന്ന ചില സംഘങ്ങള്‍ക്ക് അവിടെ സ്വാധീനമുണ്ട് . രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങിയപ്പോള്‍ ഈ സംഘങ്ങള്‍ സര്‍ക്കാരിന് എതിരെ ആയുധമെടുക്കുകയായിരുന്നു. 2013 മുതല്‍ തുടങ്ങിയതാണ് ഉപരോധം. ഗൗത വിട്ട് അന്യനാട്ടിലേക്ക് പോയവര്‍ ആയിരങ്ങളാണ്. എന്നാല്‍ പിറന്ന നാട് വിടാന്‍ തോന്നാത്ത ഒരുപാട് പേര്‍ അവിടെ ജീവിക്കുന്നു. വിധിയില്‍ ആശ്വാസംപൂണ്ട് നില്‍ക്കുന്ന അവര്‍ക്കാണ് നരകതുല്യമായ ജീവിതം ലഭിച്ചിരിക്കുന്നത്. ഗൗത തിരിച്ചുപിടിക്കുക എന്നതാണ് സൈന്യത്തിന്റെ ലക്ഷ്യം. വര്‍ഷങ്ങളായി അവര്‍ ഈ ശ്രമം തുടങ്ങിയിട്ട്. പക്ഷേ വിമതസംഘങ്ങളുടെ ആത്മബലത്തിന് മുന്നില്‍ സൈന്യത്തിന് അടിപതറുകയായിരുന്നു. കഴിഞ്ഞാഴ്ച ഗൗതയിലേക്ക് ഇരച്ചുകയറാന്‍ അസദ് സൈന്യം തീരുമാനിച്ചു. ശക്തമായ ബോംബാക്രമണങ്ങളുടെ അകമ്പടിയോടെയായിരുന്നു ഈ മുന്നേറ്റം. ഇതാണ് ഇപ്പോള്‍ ഈനഗരത്തെ കൂടുതല്‍ നരകതുല്യമാക്കിയത്. കൂട്ടക്കുരുതിയാണ് പിന്നീട് അവിടെ നടന്നത്.
സൈന്യത്തിന്റെ ആക്രമണത്തില്‍ ആയിരങ്ങള്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതലും കുട്ടികള്‍. അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് എന്ന സംഘടന പുറത്തുവിടുന്ന വിവരങ്ങള്‍ മാത്രമാണിപ്പോള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. സ്‌കൂളും ആശുപത്രികളുമാണ് സൈന്യം പുതിയ മുന്നേറ്റത്തില്‍ ആദ്യം തകര്‍ത്തത്. ഇതോടെ വിമതര്‍ ഒരുക്കിയ ഭൂമിക്കടിയിലെ തുരങ്കങ്ങളിലേക്ക് ആളുകള്‍ ഓടിയൊളിക്കുകയായിരുന്നു. 40000 സാധാരണക്കാരാണ് ഗൗതയില്‍ കുടുങ്ങിക്കിടക്കുന്നത്. പുറത്തിറങ്ങാന്‍ സാധിക്കാതെ. ഇവരെയും വിമതരുടെ പട്ടികയില്‍ പെടുത്തിയിരിക്കുകയാണ് സൈന്യം. ഒന്നുകില്‍ പുഴുക്കളെ പോലെ ജീവിക്കാം. അല്ലെങ്കില്‍ സൈന്യത്തിന്റെ വെടികൊണ്ടു മരിക്കാം. ഇതാണ് ഇവര്‍ക്കുമുന്നിലുള്ള മാര്‍ഗം.
ഗൗതയില്‍ ആക്രമണം പാടില്ലെന്ന് ഐക്യരാഷ്ട്ര സഭ നേരത്തെ എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടിരുന്നു. ആരും കേട്ട ഭാവം നടിച്ചില്ല. ഒടുവില്‍ കഴിഞ്ഞ ശനിയാഴ്ച ഐക്യരാഷ്ട്ര സഭ സ്വന്തം നിലയ്ക്ക് 30 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കിയെങ്കിലും ഒരു വാഹനം പോലും ഗൗതയിലേക്ക് സൈന്യം കടത്തിവിട്ടിട്ടില്ലത്രെ. ഭക്ഷണവും മരുന്നുകളും നിറച്ച യുഎന്‍ വാഹനങ്ങള്‍ സൈന്യത്തിന്റെ അനുമതി കാത്ത് നില്‍ക്കുകയാണ്. സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് കൈയ്യില്‍ പിടിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ കൊണ്ടുപോകാന്‍ ഭാഗികമായി അനുമതി നല്‍കിയിരിക്കുന്നത്. അതുപോലെ അവശ്യവസ്തുക്കള്‍ തേടി യുഎന്‍ കേന്ദ്രങ്ങളിലെത്തുന്ന സ്ത്രീകളെ ഉദ്യോഗസ്ഥര്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വന്നിരുന്നു. സൈന്യം പിടിച്ചുകൊണ്ടുപോയ സ്ത്രീകള്‍ക്ക് ജയിലിലും നേരിട്ടത് സമാനമായ അനുഭവം തന്നെ. ഐക്യരാഷ്ട്ര സഭ വെറും കടലാസ് സംഘടനയായി മാറുന്ന കാഴ്ചയാണ് സിറിയയില്‍ കാണുവാന്‍ സാധിക്കുക.