ബി ജെ പി ആസ്ഥാനത്ത് നിന്നും വാജ്പേയുടെ ചിത്രങ്ങള്‍ പുറത്ത് ; അദ്വാനിയുടെ പേര് പോലും ഇല്ല
തുടര്‍ വിജയങ്ങളുടെ ഇടയില്‍ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിച്ച് പാര്‍ട്ടി നേതൃത്വം. പുതിയ ബിജെപി ആസ്ഥാനത്തെ മീഡിയ റൂമിലെ പശ്ചാത്തല ചിത്രത്തില്‍ നിന്നും മുതിര്‍ന്ന നേതാവ് എ. ബി. വാജ്‌പേയിയുടെ ചിത്രം ഒഴിവാക്കി പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഇടം പിടിച്ചു. അതേസമയം പാര്‍ട്ടി വളര്‍ത്താന്‍ അഹോരാത്രം പ്രയത്നിച്ച അദ്വാനിയുടെ പേര് പോലും ബിജെപി ആസ്ഥാനത്ത് ഇല്ല എന്നും ആരോപണം ഉയര്‍ന്നു. പുതുതായി ഉദ്ഘാടനം ചെയ്ത ബിജെപി ആസ്ഥാനത്തോടനുബന്ധിച്ചുള്ള മീഡിയ റൂമിലെ പശ്ചാത്തല ചിത്രത്തിലാണ് ഈ മാറ്റം.

പഴയ മീഡിയ റൂം
പഴയ കെട്ടിടത്തിലെ മീഡിയ റൂമിലെ ചിത്രത്തിലാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് വാജ്പേയിയുടെ ചിത്രമുണ്ടായിരുന്നത്. എന്നാല്‍ പുതിയ കെട്ടിടത്തിലുള്ള മീഡിയ റൂമിന്റെ പശ്ചാത്തലത്തിലാണ് ആര്‍എസ്എസിന്റെ ഉന്നത നേതാവും ബിജെപി സൈദ്ധാന്തികനുമായി ദീന്‍ദയാല്‍ ഉപാധ്യായ, ഭാരതീയ ജനസംഘ് സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി എന്നിവരുടെ ചിത്രങ്ങളും നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ മാസം 18ന് ആണ് ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗില്‍ ബിജെപിയുടെ പുതിയ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള കെട്ടിടമാണ് പുതിയത്.