ചൈനയുടെ ഭീഷണി ; നാവികത്താവളങ്ങള്‍ പരസ്പരം തുറന്നു നല്‍കാന്‍ ഇന്ത്യ ഫ്രാന്‍സ് തീരുമാനം

ചൈന ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി നേരിടാനുറച്ച് ഇന്ത്യയും ഫ്രാന്‍സും കൈകോര്‍ക്കുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും ഒപ്പുവെച്ച പ്രതിരോധ കരാര്‍ ചൈനയെ ലക്ഷ്യംവെച്ചാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഇരുരാജ്യങ്ങളും ഒപ്പുവെച്ച നാവിക കരാര്‍ പ്രകാരം രണ്ടുരാജ്യങ്ങളിലെയും നാവികസേനാ താവളങ്ങള്‍ പരസ്പരം തുറന്നു നല്‍കും. ഇതുവഴി ഇന്ത്യയുടെ യുദ്ധക്കപ്പലുകള്‍ക്ക് ഫ്രാന്‍സിന്റെ അധീനതയിലുള്ള നാവികസേനാ താവളങ്ങളില്‍ പ്രവേശിക്കാനും നങ്കൂരമിടാനും, ഇന്ധനം നിറയ്ക്കാനും സാധിക്കും. തിരിച്ച് ഫ്രഞ്ച് പടക്കപ്പലുകള്‍ക്ക് ഇന്ത്യന്‍ നാവിക താവളങ്ങളും തുറന്നുനല്‍കും.

വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് പാകിസ്താനിലെ ഗദ്വാര്‍ തുറമുഖം, ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖം, മാലിദ്വീപിലെ ദ്വീപുകള്‍ ഇവയെല്ലാം ചൈന ഇപ്പോള്‍ പാട്ടത്തിനു എടുത്തിരിക്കുകയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സൂയസ് കനാല്‍ മുതല്‍ മലാക്ക കടലിടുക്കുവരെ നാവികസേനാ സാന്നിധ്യം വര്‍ധിപ്പിക്കുന്ന ചൈനീസ് നടപടിയിയില്‍ ഇന്ത്യയും ഫ്രാന്‍സും ഒരേപോലെ അസ്വസ്ഥരാണ്. മാത്രമല്ല ആഫ്രിക്കന്‍ രാജ്യമായ ജിബൂത്തിയില്‍ നാവിക താവളം തുറന്നതോടെ ചൈനീസ് നീക്കം ഫ്രാന്‍സിനെയും അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും പ്രവേശിക്കുന്നതും ഇന്ത്യയെ ആശങ്കാകുലരാക്കിയിട്ടുണ്ട്. ഇതിന് മറുപടിയായി പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ ഫ്രാന്‍സുമായി കരാറിലേര്‍പ്പെടുന്നത്.