തുഷാറിനെ വെട്ടി ബിജെപി ; വി.മുരളീധരന്‍ രാജ്യസഭയിലേക്ക് മത്സരിക്കും

ബിഡിജെഎസ് പാര്‍ട്ടിയുടെ രാജ്യസഭാ സീറ്റിനായുള്ള അവകാശവവാദം തള്ളി ബിജെപി കേന്ദ്രനേതൃത്വം . തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കുന്നതിനെതിരെ ബിജെപി സംസ്ഥാന ഘടകത്തില്‍ നിലനിന്ന അതൃപ്തിയെ തുടര്‍ന്നാണ് പുതിയ നീക്കം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പോലും അവഗണിച്ച് പദവികള്‍ വീതം വെക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിരുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പകരം കേരളത്തില്‍ നിന്നും ബിജെപി നേതാവ് വി.മുരളീധരനെ എംപിയാക്കാനുള്ള നീക്കമാണ് ബിജെപിയില്‍ നടക്കുന്നത്. ബിജെപി ഇന്ന് ഔദ്യോഗികമായി പുറത്തുവിട്ട പട്ടികയിലാണ് വി. മുരളീധരന്റെ പേരുള്ളത്. 18 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പട്ടിക അംഗീകരിച്ചു. വി. മുരളീധരന്‍ നാളെ മുംബൈയിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ബിജെപി സംസ്ഥാന നേതൃത്വത്തിന് ലഭിച്ച അംഗീകാരമാണെന്ന് വി. മുരളീധരന്‍ പ്രതികരിച്ചു. മുരളീധരനെ കൂടാതെ നാരായണ്‍ റാണയാണ് മഹാരാഷ്ട്രയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്ന് മുരളീധരന് സീറ്റ് ലഭിക്കുമെന്നാണ് നേരത്തെ ഉണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം നാല് വര്‍ഷമായി വാഗ്ദാനം ചെയ്ത പദവികള്‍ ഇനിയും നല്‍കിയിട്ടില്ലെങ്കില്‍ മുന്നണി വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബിഡിജെഎസും. കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കാര്യങ്ങള്‍ ആലോചിക്കാന്‍ എന്‍ഡിഎ ആലപ്പുഴ ജില്ലാ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിഡിജെഎസ് അഭിപ്രായപ്പെട്ടിരുന്നു. വരുന്ന പതിനാലം തിയ്യതി നടക്കുന്ന സംസ്ഥാന നേതൃയോഗത്തില്‍ മുന്നണി ബന്ധം പുനപരിശോധിക്കുമെന്നും ബിഡിജെഎസ് വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഡിഎയില്‍ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് മുന്നണി വിടുന്നതെന്ന് പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി വെളിപ്പിടുത്തിയിരുന്നു. തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭ സീറ്റ് ലബിക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് അദ്ദേഹം എന്‍ഡിഎ വടാനൊരുങ്ങുന്നുവെന്ന് വ്യക്തമാക്കിയത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജി.ജെ.എസ് എന്ത് തീരുമാനമെടുക്കുമെന്ന് ബി.ഡി.ജെ.എസ് യോഗത്തില്‍ തീരുമാനിക്കും. സാമൂഹിക നീതിക്ക് വേണ്ടി നില്‍ക്കാത്ത മുന്നണിയില്‍ തുടര്‍ന്നിട്ട് കാര്യമില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാട്. രണ്ട് വര്‍ഷമായി മുന്നണിക്കൊപ്പമുണ്ടായിട്ടും കാര്യമൊന്നുമില്ല. ഇങ്ങനെ മുന്നോട്ട് പോയിട്ട് പ്രയോജനമില്ല. സാമൂഹ്യനീതിയാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം. അത് കിട്ടാത്ത മുന്നണിയില്‍ തുടര്‍ന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.