തേനി കാട്ടു തീ: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; മൃത ദേഹങ്ങള്‍ ഉടന്‍ വനത്തിനു പുറത്തെത്തിക്കും

കുമളി: കേരള- തമിഴ്‌നാട് അതിര്‍ത്തി വനമേഖലയായ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടു തീയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തീ പൊള്ളേലില്‍ പരിക്കേറ്റവരുടേതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. അതേസമയം കാട്ടുതീയില്‍പ്പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. അപകടത്തില്‍ ഒന്‍പതു പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ട 30 പേരെ രക്ഷിച്ചതായാണ് വിവരം.വ്യോമസേനയുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം.

അതേസമയം തീപിടുത്തത്തില്‍ ഒരു മലയാളിക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട്.കോട്ടയം പാലാ സ്വദേശി, ചെന്നൈയില്‍ താമസിക്കുന്ന മലയാളി ബീന ജോര്‍ജ് അവിടെ ഐടി ഉദ്യോഗസ്ഥയാണെന്നാണു വിവരം. അതേസമയം, ഗുരുതരമായി പൊള്ളലേറ്റാണ് എല്ലാവരും മരിച്ചതെന്നു തേനി ഡിവൈഎസ്പി അറിയിച്ചു.

രക്ഷിച്ചവരെ പരുക്കുകളോടെ തേനി മെഡിക്കല്‍ കോളജ്, ബോഡിനായ്ക്കന്നൂര്‍ ജനറല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ആകെ 39 പേരാണു സംഘത്തിലുണ്ടായിരുന്നത്. നേവി ഹെലികോപ്റ്ററുകളുടെയും കോയമ്പത്തൂരില്‍നിന്നെത്തിയ വ്യോമസേനാ കമാന്‍ഡോകളുടെയും സഹായത്തോടെയായിരുന്നു തിരച്ചില്‍. കാട്ടില്‍നിന്നു മൃതദേഹങ്ങള്‍ കൊണ്ടുവന്നു തുടങ്ങി. വനത്തിനകത്തുനിന്നു മൃതദേഹങ്ങള്‍ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചു പുറത്തെത്തിക്കും.