സാഹിത്യകാരന്‍ എം സുകുമാരന്‍ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത സാഹിത്യകാരന്‍ എം.സുകുമാരന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിലായിരുന്നു അന്ത്യം. അടിച്ചമര്‍ത്തപ്പെട്ടവരുടെ വേദന അക്ഷരങ്ങളിലൂടെ വരച്ചുകാട്ടിയ കഥാകാരനായിരുന്നു എം സുകുമാരന്‍. മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍,പിതൃതര്‍പ്പണംസ ചുവന്ന ചിഹ്നങ്ങള്‍ തുടങ്ങിയയാണ് കെ.സുകുമാരന്റെ പ്രശസ്ത കഥാസമാഹാരങ്ങള്‍.

തിരുവനന്തപുരത്ത് അക്കൌണ്ടന്റ് ജനറല്‍ ഓഫീസില്‍ ക്ലര്‍ക്കായി ജോലി നോക്കിയിരുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട അദ്ദേഹത്തിന് 1976 കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. 2004 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും രണ്ട് തവണ മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. പാറ, അഴുമുഖം, ശേഷക്രിയ, ജനിതകം എന്നീ നോവലുകള്‍ ഇദ്ദേഹത്തിന്റെയാണ്.

പാലക്കാട് ചിറ്റൂരില്‍ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി 1943ലാണ് അദ്ദേഹത്തിന്റെ ജനനം. ഹൈസ്‌കൂള്‍ വിദ്യഭ്യാസത്തിനു ശേഷം കുറച്ചുകാലം ഒരു ഷുഗര്‍ ഫാക്ടറിയില്‍ ജോലി നോക്കി. തുടര്‍ന്ന് ഒരു സ്വകാര്യ വിദ്യാലയത്തില്‍ അധ്യാപകനായി. 1963 മുതല്‍ തിരുവനന്തപുരത്ത് ഏജി ഓഫീസില്‍ ക്ലര്‍ക്കായിരുന്നു. 1974ല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കുകയായിരുന്നു.