ചെങ്ങന്നൂരില്‍ സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

ചെങ്ങന്നൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഉപതരിഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇവിടെ അക്രമം നടന്നത്. മുറിയായിക്കര ഞെട്ടൂര്‍ ബിജീഷ് (29), തുലാമ്പറമ്പില്‍ രാജേഷ് (30), ഊട്ടുമ്മത്തറ സുജിത്ത് (25) എന്നിവര്‍ക്കാണ് വെട്ടേറ്റത്. വെട്ടേറ്റവരെ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ബിജെപിയാണ് സിപിഎം ആരോപിച്ചു. ഞായറാഴ്ച വൈകിട്ടു മൂന്നുമണിയോടെ ബിജീഷിന്റെ വീടിനു സമീപമാണു സംഭവം.

സുജിത്ത്, രാജേഷ് എന്നിവര്‍ മുമ്പ് ബിഡിജെഎസില്‍ പ്രവര്‍ത്തിച്ചിരുന്നവരും ഇപ്പോള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമാണ്. ബൈക്കിലെത്തിയ രണ്ടു ബിഡിജെഎസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നു പരിക്കേറ്റവര്‍ പറഞ്ഞു. എന്നാല്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലേക്ക് കടന്ന മണ്ഡലത്തില്‍ ബിഡിജെഎസ് പ്രവര്‍ത്തകന്‍ സിപിഎമ്മിനുവേണ്ടി പ്രചാരണത്തിനു ഇറങ്ങിയതാണ് പ്രകോപനത്തിനു കാരണമെന്നും സിപിഎം ആരോപിക്കുന്നു. അതേസമയം ആക്രമണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ബിജെപി പ്രാദേശിക നേതൃത്വം പറയുന്നത്.