ജനങ്ങളുടെ കഴുത്തറുത്ത് വീണ്ടും ചീനവല ; ഒന്‍പത് കരിമീന്‍ പൊരിച്ചതിന്റെ വില 6,430
കഴിയ്ക്കാന്‍ കയറുന്നവരുടെ കഴുത്തില്‍ കത്തിവെച്ച് ചീനവല ഹോട്ടല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ലോകത്ത് ഒരിടത്തും ഇല്ലാത്ത വിലയാണ് ഇവിടെ മീന്‍ വിഭവങ്ങള്‍ക്ക് ഈടാക്കുന്നത്. ഹോട്ടലില്‍ കയറി പണികിട്ടിയവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇപ്പോള്‍ മാധ്യമങ്ങളിലെ സ്ഥിരം വാര്‍ത്തയായി മാറിയിരിക്കുകയാണ്. ഇടപ്പള്ളിയിലാണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. പുതിയ ഹോട്ടല്‍ ആയതിനാല്‍ ധാരാളം പേര്‍ രുചി പരീക്ഷിക്കാന്‍ ഇവിടെ എത്തുന്നുണ്ട്. എന്നാല്‍ വില വിവരം ഒന്നും പുറത്തു കാണിക്കാത്ത ഹോട്ടല്‍ തോന്നിയ പോലെയാണ് ബില്‍ നല്‍കുന്നത്.
കഴിഞ്ഞദിവസം സുഹൃത്തുക്കളുമായി അവിടെ ആഹാരം കഴിക്കാന്‍ കയറിയ ഷിനോദ് പവിത്രന്‍ എന്നയാള്‍ക്ക് ഒരു നേരം അവിടെ നിന്നും ആഹാരം കഴിച്ചതിനു ലഭിച്ചത് 10852 രൂപയുടെ ബില്ല്. ഇത്രയും തുകവരാന്‍ കാരണമായത് ഒന്‍പതു കരിമീന്‍ പൊരിച്ചത് ഇവര്‍ ഓര്‍ഡര്‍ ചെയ്തത് കാരണവും. 6,430 രൂപയാണ് ഹോട്ടല്‍ ഇതിനു ഇട്ട ബില്‍. അതുപോലെ മാര്‍ക്കറ്റില്‍ നാനൂറ് രൂപ വില വരുന്ന ഒരു കിലോ ചെമ്പല്ലി പൊരിച്ചെടുത്തപ്പോള്‍ 2228 രൂപ 60 പൈസ ബില്ല് വന്നു എന്ന് മറ്റൊരു പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഹോട്ടലില്‍ എത്തിയ വ്യക്തിയാണ് സമൂഹമാധ്യമങ്ങളില്‍ ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്.വമ്പന്‍ പരസ്യത്തോടെ ആരംഭിച്ച ഹോട്ടലിനെക്കുറിച്ച് മുമ്പും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വന്നിരുന്നു.