തൊഴില്‍ നിയമ ഭേദഗതി ; ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക്
കോഴിക്കോട്: കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ രണ്ടിന് സംസ്ഥാന വ്യാപകമായി പൊതുപണിമുടക്കിന് ആഹ്വാനം. ബിഎംഎസ് ഒഴികെയുള്ള സംയുക്ത ട്രേഡ് യൂണിയന്റേതാണ് പ്രഖ്യാപനം. കോഴിക്കോട് ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന്‍ ആണ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്.
സ്ഥിരം തൊഴില്‍ എന്ന വ്യവസ്ഥ പാടെ ഇല്ലാതാക്കുന്നുവെന്ന ആരോപണമാണ് കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിയ്‌ക്കെതിരെ ഉയരുന്നത്. താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന തൊഴിലാളികള്‍ക്ക് സംഘടിക്കാനുള്ള അവകാശം പോലും ഇല്ലാതാക്കുന്നുവെന്നും ട്രേഡ് യൂണിയന്‍ പ്രമേയത്തില്‍ വ്യക്തമാക്കുന്നു. അതേസമയം ട്രേഡ് യൂണിയനുകളുമായി കൂടിയാലോചിക്കാതെയാണ് ഭേദഗതി കൊണ്ടുവന്നതെന്നും ട്രേഡ് യൂണിയന്‍ വ്യക്തമാക്കി.
ജനാധിപത്യ വിരുദ്ധമായ നിലയിലാണ് മോദി സര്‍ക്കാര്‍ വിഷയത്തെ കൈകാര്യം ചെയ്തതെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഇളമരം കരീം വ്യക്തമാക്കി. ദേശീയ തലത്തിലുള്ള സമരമാണ് ആവശ്യമെന്നും കേന്ദ്ര തൊഴില്‍ ഭേദഗതിയെ പരാജയപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലുളള സ്ഥിരം തൊഴിലാളികളെ കരാര്‍ തൊഴിലാളികളാക്കാന്‍ അനുമതി നല്‍കിയിട്ടില്ല. പുതിയ നിയമനങ്ങള്‍ക്കായിരിക്കും ചട്ടം ബാധകമാവുക. ഭക്ഷ്യ സംസ്‌കരണം, തുകല്‍ വ്യവസായം വസ്ത്ര നിര്‍മ്മാണം എന്നീ മേഖലകളിലും മാത്രം അനുവദിച്ചിരുന്ന നിശ്ചിത കാലാവധി തൊഴിലാണ് ഇതോടെ എല്ലാ വ്യവസായ മേഖലകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.
നിശ്ചിത കാലാവധി തൊഴിലിന് തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ കരാര്‍ ഉണ്ടാക്കണം. തൊഴില്‍, വേതനം, ആനുകൂല്യം എന്നിവയുടെ കാര്യത്തില്‍ സ്ഥിരം തൊഴിലാളിക്കും നിശ്ചിത കാലാവധി തൊഴിലാളിക്കും തുല്യതയുണ്ടാകും.








