ആധാര്‍ വിവരങ്ങള്‍ ഇപ്പോഴും ചോരുന്നു എന്ന് പുതിയ വെളിപ്പെടുത്തല്‍

ആധാര്‍ രേഖകള്‍ ഇപ്പോഴും ചോരുന്നു എന്ന് വെളിപ്പെടുത്തല്‍. ആധാര്‍ രേഖ സുരക്ഷിതമാണെന്ന് അധികാരികള്‍ ആവര്‍ത്തിച്ചുപറയുമ്പോഴും അതിന്റെ സുരക്ഷാ വീഴ്ച സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇപ്പോഴും പുറത്തു വരികയാണ്. വാണിജ്യ സാങ്കേതിക വാര്‍ത്താ വെബ്‌സൈറ്റ് ആയ സീഡി നെറ്റ് (ZDNet) ആണ് ഇപ്പോള്‍ പുതിയ വെളിപ്പെടുത്തല്‍ പുറത്തു വിട്ടിരിക്കുന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയുടെ സിസ്റ്റത്തിലുണ്ടായിരിക്കുന്ന സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ആധാര്‍ ഉടമകളുടെ പേര്, 12 അക്ക യുണീക്ക് ഐഡി നമ്പറുകള്‍, ബാങ്ക് വിവരങ്ങള്‍ തുടങ്ങിയവ മറ്റൊരാള്‍ക്ക് കണ്ടെത്താന്‍ എളുപ്പമാണെന്ന് സീഡി നെറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരം പുറത്തുവിട്ടെങ്കിലും സ്ഥാപനത്തെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ റിപ്പോര്‍ട്ടിലില്ല. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കരണ്‍ സെയ്‌നി എന്ന സുരക്ഷാ ഗവേഷകനാണ് ഈ വിവരം സീഡി നെറ്റിനോട് വെളിപ്പെടുത്തിയത്. ആധാര്‍ കാര്‍ഡുള്ള എല്ലാവരെയും ഈ പ്രശ്‌നം ബാധിക്കുമെന്ന് അദ്ദേഹം പറയുന്നു. നൂറ് കോടിയിലധികം ആധാര്‍ ഉടമകളുണ്ട് രാജ്യത്ത്. കുറേ നാളുകളായി ഇത്തരം സുരക്ഷാ വീഴ്ചകള്‍ ചൂിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും ഒന്നും തന്നെ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ആധാര്‍ വിവര ശേഖരം ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും അത് ഹാക്ക് ചെയ്യപ്പെടില്ലെന്നും യുഐഡിഎഐ സിഇഓ അജയ് ഭൂഷന്‍ പാണ്ഡേ അവകാശപ്പെട്ടത്.