പന്തില്‍ കൃത്രിമം കാണിച്ചു ; ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് സ്റ്റീവ് സ്മിത്തിനെ പുറത്താക്കണമെന്ന് ആസ്ട്രേലിയന്‍ സര്‍ക്കാര്‍
കളിക്കിടയില്‍ പന്തില്‍ കൃത്രിമം കാട്ടിയതില്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കണമെന്ന് ആസ്ട്രേലിയന്‍ സര്‍ക്കാര്‍. രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയതിന് സ്മിത്തിനെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. കൃത്രിമം നടത്തുന്നതിന് കൂട്ടുനിന്ന താരങ്ങള്‍ക്കും ഹെഡ് കോച്ചിനുമെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഞെട്ടിക്കുന്നതും നിരാശയുണ്ടാക്കുന്നതുമായ സംഭവമെന്നാണ് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബില്‍ ഇതിനെ വിശേഷിപ്പിച്ചത്.
കളി ജയിക്കാന്‍ ഓസീസ് ടീം ചതിയില്‍ ഏര്‍പ്പെട്ടുവെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഉചിതമായ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്മിത്തിന്റെ നടപടി രാജ്യത്തിന് അവമതിപ്പുണ്ടാക്കിയെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ സ്മിത്തിന്റെ തൊപ്പി തെറിക്കുമെന്ന് ഏറക്കുറേ ഉറപ്പായിക്കഴിഞ്ഞു. ഓപ്പണിങ് ബാറ്റ്‌സ്മാന്‍ കൂടിയായ ബാന്‍ക്രോഫ്റ്റാണ് ഫീല്‍ഡിങ്ങിനിടെ പന്തില്‍ മഞ്ഞനിറമുള്ള വസ്തു ഉപയോഗിച്ച് പന്തിന്റെ ഘടനമാറ്റുന്നതിനായി ദൃശ്യങ്ങളില്‍ വ്യക്തമായത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിന്‍റെ ഇന്നിങ്‌സിന്റെ 43 ാം ഓവറിലാണ് വിവാദ സംഭവം.