ഇന്ത്യന്‍ ചായയോട് കടുത്ത ഇഷ്ട്ടം; ഒടുവില്‍ സ്വന്തം നാട്ടില്‍ ചായക്കട തുടങ്ങി വിജയിപ്പിച്ച് അമേരിക്കക്കാരി

2002 ലാണ് ബ്രൂക്ക് എഡി ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നത്. അന്ന് ഇവിടെ നിന്ന് ബ്രൂക്ക് ഒരു ചായയും കുടിച്ചു. ബ്രൂക്കിന് ചായ നന്നായി ബോധിച്ചു. തിരിച്ച് തന്റെ നാടായ അമേരിക്കയിലെത്തിയപ്പോള്‍ ഒരു ഇന്ത്യന്‍ ചായ കുടിച്ചാലോ എന്ന് ബ്രൂക്കിനു തോന്നി. കൊളോറാഡയിലെത്തിയ ബ്രൂക്ക് ഇന്ത്യന്‍ ചായ കുടിക്കാന്‍ കടകളായ കടകള്‍ കേറിയിറങ്ങി ഇന്ത്യന്‍ ചായ അന്വേക്ഷിച്ചു. പക്ഷേ ലഭിച്ചില്ല.

ഇന്ത്യന്‍ ചായയോടുള്ള പ്രേമം മൂത്ത് പിന്നെയും നാലു വര്‍ഷങ്ങള്‍ക്ക് ശേഷം 2006 ല്‍ ബ്രൂക്ക് ഇന്ത്യയിലെത്തി. ഒടുവില്‍ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലൂടെ നടന്ന് കൊതി തീരുവോളം ഇന്ത്യന്‍ ചായ നുണഞ്ഞു. പിന്നെയും തിരിച്ച് കൊളോറാഡയിലേക്കും തിരക്കിലേക്കും. ഇന്ത്യന്‍ ചായയോടുള്ള പ്രണയം ബ്രൂക്കിനെ വിട്ട് പിരിഞ്ഞിരുന്നില്ല. അങ്ങനെ ഇരിക്കെയാണ് കൊളോറോഡയില്‍ ഒരു ടീ ഷോപ്പ് തുടങ്ങിയാലെന്താ എന്ന ആശയം ബ്രൂക്കിന് ഉദിച്ചത്. പിന്നെ ഒന്നും ആലോചിച്ചില്ല 2007 ല്‍ അവര്‍ തന്റെ ജോലി ഉപേക്ഷിച്ച് ഭക്തി എന്ന പേരില്‍ ഇന്ത്യന്‍ ടീ ഷോപ്പ് തുടങ്ങി.

ഇന്ത്യന്‍ ചായ വില്‍ക്കുന്നിടത്തിന് ഒരു ഇന്ത്യന്‍ ടേയ്സ്റ്റ് വേണമെന്ന് തോന്നലാണ് ഭക്തി എന്ന പേരിലെത്തിച്ചത്. എന്തായാലും സംഭവം ക്ലിക്കായി. 2014 ല്‍ പ്രമുഖ സംരംഭകത്വ മാസിക ബ്രൂക്കിനെ മികച്ച സംരംഭകയ്ക്കുളള അവാര്‍ഡ് നല്‍കി ആദരിച്ചു. 2018 ആയപ്പോഴേക്കും ‘ഭക്തി’യെന്ന ഷോപ്പിന്റെ മൊത്ത വരുമാനം ഏഴ് മില്ല്യണ്‍ ഡോളറായി ഉയര്‍ന്നു. ഇതിനെല്ലാം ഇന്ത്യയെയും ഇവിടുത്തെ ചായയേയും സ്നേഹത്തോടെ സ്മരിക്കുകയാണ് ഇരട്ടക്കുട്ടികളുടെ അമ്മ കൂടിയായ ബ്രൂക്ക്.