പെട്രോള്‍ ഡീസല്‍ വില ഇനിയും വര്‍ധിക്കും എന്ന് കേന്ദ്ര പെട്രോളിയം മന്ത്രി
രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില ഉടനെയൊന്നും കുറയില്ല എന്ന മുന്നറിയിപ്പ് നല്‍കി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ത്ര പ്രഥാന്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി ഉടന്‍ കുറക്കാന്‍ കഴിയില്ലെന്ന് മന്ത്രി അറിയിച്ചു. ഇതോടെ എണ്ണവില ഇനിയും ഉയരാനുള്ള സാധ്യതയാണ് എന്ന മുന്നറിപ്പാണ് മന്ത്രി നല്‍കിയത്. ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദഹം. ഇപ്പോള്‍ തന്നെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വില വര്‍ധനവാണ് പെട്രോളിനും ഡീസലിനും ഉണ്ടായത്.
പെട്രോള്‍ ലിറ്ററിന് 77 രൂപയും, ഡീസല്‍ ലിറ്ററിന് 70 രൂപയോളവുമെത്തി. ഈ സാഹചര്യത്തില്‍ എക്‌സൈസ് തീരുവ കുറക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഒരു ലിറ്റര്‍ ഡീസലിന് മേല്‍ 15.33 രൂപയും പെട്രോളിന് മേല്‍ 19.48 രൂപയുമാണ് എക്‌സൈസ് ഡ്യൂട്ടിയായി ഇപ്പോള്‍ കേന്ദ്രം ചുമത്തുന്നത്. യു.പി.എ ഭരണകാലത്ത് ഇത് അഞ്ച് രൂപ പത്ത് പൈസ ഡീസലിനും, പെട്രോളിന് 11 രൂപയുമായിരുന്നു. ഇതാണ് ഇപ്പോള്‍ വലിയ തോതില്‍ വര്‍ധിച്ചത്. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഒമ്പത് തവണയാണ് എണ്ണയുടെ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചത്.