പൊടിക്കാറ്റും മഴയും ഡല്‍ഹിയില്‍ 24 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

ശക്തമായ മഴയും പൊടിക്കാറ്റിനെയും തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിലേക്കുള്ള 24 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാനുള്ള വിമാനങ്ങളുടെ ടേക്ക് ഓഫും നീട്ടിവെച്ചിരിക്കുകയാണ്. ശക്തമായ പൊടിക്കാറ്റും മഴയുമാണ് ഡല്‍ഹിയിലെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമൃത്സറിലേക്കാണ് കൂടുതല്‍ വിമാനങ്ങളും വഴിതിരിച്ച് വിട്ടത്.

അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. കാഴ്ച മറക്കുന്ന തരത്തിലുള്ള പൊടിക്കാറ്റിനെ തുടര്‍ന്ന് വാഹന ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. അതേസമയം അപ്രതീക്ഷിതമായ കാറ്റും മഴയും ഡല്‍ഹിയിലെ ചൂടിനെ ഗണ്യമായി കുറച്ചത് ജനങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്.