വരാപ്പുഴ ; ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; എസ് ഐ ദീപക് അറസ്റ്റില്‍
വാരപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വരാപ്പുഴ എസ്ഐ ജി.എസ്.ദീപകിനെ അറസ്റ്റ് ചെയ്തു. ദീപക്ക് കേസിലെ നാലാം പ്രതിയാണ്. ദീപക്കിനെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എസ്ഐയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശ്രീജിത്തിനെ അന്യായമായി തടങ്കലില്‍ വച്ചു എന്നതാണ് ദീപകിനെതിരായ കുറ്റം. കൊലക്കുറ്റം ചുമത്തിയിട്ടില്ലെന്നാണ് സൂചന. ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി എട്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മകന്റെ മരണത്തില്‍ ദീപക്ക് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്കിറങ്ങുമെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള നേരത്തെ വ്യക്തമാക്കിയിരുന്നു.
ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ കൂടാതെ ഇവരും കുറ്റവാളികളാണെന്നും അമ്മ ശ്യാമള വ്യക്തമാക്കിയിരുന്നു. അവധിയിലായിരുന്ന ദീപക് ശ്രീജിത്തിനെ പിടികൂടിയ അന്ന് രാത്രി പോലീസ് സ്റ്റേഷനിലെത്തിയിരുന്നെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അടുത്ത ദിവസം രാവിലെ ഏഴു മണിക്കാണ് താന്‍ സ്റ്റേഷനിലെത്തിയതെന്ന ദീപകിന്റെ വാദം ഇതോടെ പൊളിഞ്ഞു. അവധിയിലായിരുന്നിട്ടും എന്തിനാണ് അന്ന് രാത്രി സ്റ്റേഷനിലെത്തിയതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാനും ദീപകിന് കഴിഞ്ഞിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ശ്രീജിത്തിനെ പോലീസ് വീട്ടില്‍ നിന്നും പിടിച്ച് കൊണ്ടുപോയത്.