റോഡ്‌ ഇടിഞ്ഞു ; പോത്തീസ് മണ്ണില്‍ താഴ്ന്നു എന്നിട്ടും മെട്രോ തൂണുകള്‍ അനങ്ങിയില്ല

പോത്തിസിന്‍റെ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം ഒന്നോടെ മണ്ണില്‍ താഴ്ന്നു എങ്കിലും അതിന് സമീപത്ത് സ്ഥിതി ചെയ്ത മെട്രോയുടെ തൂണുകള്‍ക്ക് യാതൊരുവിധ കുഴപ്പവും ഇല്ല. അപകടം നടന്ന സ്ഥലത്തിന് സമീപം മെട്രോ തൂണിനു ചുറ്റുമുള്ള ഭാഗത്തെല്ലാം ഭൂമി താഴ്ന്ന നിലയിലാണ്. ഇവിടെ പലഭാഗത്തും വിള്ളല്‍ വന്ന പോലെയാണ് കിടക്കുന്നത്. എന്നാല്‍, മെട്രോ തൂണിന്റെ പൈലിങ് പരിസരം ഉറച്ചുതന്നെ നിന്നു.

മെട്രോ തൂണിനായി നല്ല ആഴത്തില്‍ നിരവധി പൈലിങ് നടത്തി. പൈലിങ് എല്ലാം കൂട്ടി കോണ്‍ക്രീറ്റ് ചെയ്താണ് തൂണ് നിര്‍മിച്ചിട്ടുള്ളത്. അതുകൊണ്ടാണ്, മണ്ണിടിഞ്ഞപ്പോഴും ഇവിടം താഴാതിരുന്നത്. താഴ്ന്നിരുന്നു എങ്കില്‍ കോടികളുടെ നഷ്ടമാണ് മെട്രോയ്ക്ക് സംഭവിക്കുമായിരുന്നത്. അതേസമയം കെട്ടിടം ഇടിഞ്ഞു താഴ്ന്നതില്‍ ഇപ്പോഴും വ്യക്തമായ കാരണം പുറത്തുവന്നിട്ടില്ല.