കൊറിയകള്‍ വീണ്ടും സമാധാനത്തിന്‍റെ പാതയില്‍ ; ഉന്നും ഇന്നും കരാറുകള്‍ ഒപ്പിടും
ദശാബ്ദങ്ങളുടെ പഴക്കമുണ്ട് ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് . വിഷയത്തില്‍ അമേരിക്ക കക്ഷി ചേര്‍ന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മില്‍ നടത്തിയിരുന്ന ഭീഷണികള്‍ ഒരു ആണവ യുദ്ധത്തിന് നാന്ദി കുറിക്കും എന്ന് പോലും ലോകം ഭയന്ന ദിനങ്ങള്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ മേഖല ശാന്തമാവുകയാണ്. ഒരു പതിറ്റാണ്ടിന് ശേഷം നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയില്‍ സുപ്രധാന കാര്യങ്ങളില്‍ ധാരണയായിക്കഴിഞ്ഞു. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ ഇന്നും തമ്മില്‍ സോളില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഉപഭൂഖണ്ഡത്തില്‍ സമാധാനം നിലനിര്‍ത്തുന്നതിന് കരാറില്‍ ഒപ്പിടാനും ഇരു രാഷ്ട്രത്തലവന്‍മാരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്.
പ്രകോപനങ്ങള്‍ സൃഷ്ടിക്കാതെ മുന്നോട്ട് പോകാനുള്ള തീരുമാനങ്ങളും ഉണ്ട്. ആണവായുധങ്ങള്‍ സംബന്ധിച്ചാണ് ഏറ്റവും നിര്‍ണായകമായ തീരുമാനം. മേഖലയെ ആണവായുധ വിമുക്തമാക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തില്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ ഇന്നും തമ്മില്‍ ധാരണയായതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സുസ്ഥിര സമാധാനം ഉറപ്പുവരുത്തുന്നതിന് കരാറില്‍ ഏര്‍പ്പെടുമെന്ന് ഇരു രാഷ്ട്രത്തലവന്‍മാരും വ്യക്തമാക്കി. സൈനിക ആയുധ ഉപയോഗം കുറയ്ക്കുക, വിദ്വേഷകരമായ പ്രവൃത്തികളില്‍നിന്ന് പിന്‍തിരിയുക, അതിര്‍ത്തികള്‍ സമാധാന മേഖലകളാക്കുക, അമേരിക്ക അടക്കമുള്ള ഇതര രാജ്യങ്ങളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനമുണ്ടായിട്ടുണ്ട്.
ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കും എന്ന് ഭയപ്പെട്ട് ജീവിച്ചിരുന്ന ഒരു ഉപഭൂഖണ്ഡത്തിലെ ജനങ്ങള്‍ക്ക് ഇനി സമാധാനത്തോടെ ഉറങ്ങാം. യുദ്ധക്കൊതിയന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും അമേരിക്കയുടെ ഏറാന്‍മൂളി എന്നറിയപ്പെടുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ ഉന്നും തമ്മില്‍ ഒപ്പിട്ടത് ചരിത്രപരമായ ഉടമ്പടിയില്‍ ആണ്. ഇനി ഒരു യുദ്ധം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്നതാണ് ഉടമ്പടി. ഒരു പതിറ്റാണ്ടിനു ശേഷമാണ് ഉത്തര, ദക്ഷിണ കൊറിയയുടെ തലവന്‍മാര്‍ തമ്മില്‍ ഔപചാരിക കൂടിക്കാഴ്ച നടക്കുന്നത്.









