കൊലപാതകം അപലപിച്ച് മുഖ്യമന്ത്രി ; ക്രമസമാധാനം തകര്‍ന്നു എന്ന് കുമ്മനം
മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറയി വിജയന്. ഡിജിപിയോട് ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാവശ്യമായ ഇടപെടല്‍ നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. കണ്ണൂരില്‍ തുടര്‍ച്ചയായി നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ തടയാനോ കുറ്റക്കാരെ പിടികൂടാനോ പൊലീസ് തയ്യാറാകാത്തതാണ് ഇപ്പോഴത്തെ കൊലപാതങ്ങള്‍ക്ക് കാരണമെന്നും കുമ്മനം രാജശേഖരന് ആരോപിച്ചു.
ചെങ്ങന്നൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകം ആരു ചെയ്താലും അപലപിക്കപ്പെടേണ്ടതാണ്. എന്നാല്‍ കൊലപാതകത്തിലേക്ക് നയിക്കപ്പെടാവുന്ന സാഹചര്യം ഒഴിവാക്കാനുള്ള ബാധ്യത പൊലീസിനും ആഭ്യന്തര വകുപ്പിനുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിണറായിയുടെ ഭരണത്തില്‍ കൊലപാതകം നടന്നാല്‍ മാത്രമാണ് വാര്ത്തായാവുന്നത്. അതിലേക്ക് നയിക്കുന്ന നിരവധി അക്രമങ്ങള്‍ കണ്ണൂരില്‍ ഇന്ന് തുടര്‍ക്കഥയാണ്. എന്നാല്‍ അതൊന്നും പരിഹരിക്കാത്ത പൊലീസ് നയമാണ് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും കുമ്മനം ആരോപിക്കുന്നു.