രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാരെ കാണ്മാനില്ല ; ബിജെപി തടവിലാക്കിയത് എന്ന് കോണ്ഗ്രസ്

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കാണാതായ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരെ പറ്റി ഇതുവരെ വിവരങ്ങള്‍ ഇല്ല. ആനന്ദ് സിങ്, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരാണ് ഇനിയും മടങ്ങിയെത്താനുള്ളത്. ഇവര്‍ ബി.ജെ.പി പക്ഷത്ത് എത്തി എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബി.ജെ.പി നേതാക്കളും കോടീശ്വരന്മാരുമായ റെഡ്ഡി സഹോദരങ്ങളുമായി ബന്ധമുള്ളയാളാണ് ആനന്ദ് സിങ്. ബെല്ലാരിയിലെ വിജയനഗരത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ഇദ്ദേഹം. മസ്‌കിയില്‍ നിന്നുള്ള എംഎല്‍എയാണ് പ്രതാപ് ഗൗഡ പാട്ടീല്‍. ഇദ്ദേഹത്തെ കോണ്‍ഗ്രസ് എം.എല്‍.എ മാരെ താമസിച്ച ഈഗിള്‍ടണ്‍ റിസോട്ടില്‍ നിന്നാണ് കാണാതായത്. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ആനന്ദ് സിംഗിനേയും പ്രതാപ് പാട്ടീലിനേയും കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു. എന്നാല്‍ പേര് വിളിച്ചപ്പോള്‍ ഇവര്‍ രണ്ട് പേരും എത്തിയിട്ടില്ല എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെയാണ് കാല് മാറ്റം നടന്നിരിക്കുന്നുവെന്ന സംശയം ഉറപ്പായത്.

അതേസമയം ബിജെപി നേതാക്കള്‍ താമസിക്കുന്ന താജ് വെസ്റ്റ് ഹോട്ടലില്‍ ആനന്ദ് സിംഗും പ്രതാപ് പാട്ടീലും എത്തിയിട്ടുണ്ട് എന്ന വിവരവും പുറത്ത് വന്നിരിക്കുന്നു. ഇതോടെ വിശ്വാസ വോട്ടെടുപ്പ് ജയിക്കാനാകും എന്ന ആത്മവിശ്വാസം ബിജെപിക്ക് വര്‍ധിച്ചിരിക്കുന്നു. ബിജെപിക്ക് കളിക്കാനുള്ള സമയം ഇനിയും ബാക്കിയുണ്ടെന്ന് തന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുമാരസ്വാമി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ചത് കൊണ്ട് 221 വോട്ടുകളാണ് ആകെയുള്ളത്. ആനന്ദ് സിംഗും പാട്ടീലും എത്താത്ത സാഹചര്യത്തില്‍ എംഎല്‍എമാരുടെ എണ്ണം 221ല്‍ നിന്നും 119 ആയി കുറയും. ഇതോടെ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് വേണ്ടി വരിക 110 വോട്ടുകള്‍. 104 എംഎല്‍എമാരാണ് ഇപ്പോള്‍ ബിജെപിക്കുള്ളത്. ഭൂരിപക്ഷം തെളിയിക്കാന്‍ ഇനി വേണ്ടത് 6 പേരുടെ പിന്തുണ. രണ്ട് ജെഡിഎസ് എംഎല്‍എമാരുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ആനന്ദ് സിംഗിനെയും പാട്ടീലിനേയും കൂടാതെ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ആരെങ്കിലും വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുമോ അതോ മറുകണ്ടം ചാടുമോ എന്ന കാര്യത്തില്‍ നേതാക്കള്‍ക്ക് പോലും ഒരുറപ്പുമില്ല.അതേസമയം ഇരുവരെയും കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ഇവരെ ബിജെപി തടഞ്ഞു വെച്ചിരിക്കുകയായിരുന്നു എന്ന് കോണ്ഗ്രസ് നേതാക്കള്‍ പറയുന്നു. തുടര്‍ന്നു കോണ്ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടമായി വന്നു ഇവരെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നും വിവരങ്ങള്‍ ഉണ്ട്.