തെലുങ്ക് സിനിമയിലെ അരങ്ങേറ്റത്തിന് പിന്നാലെ ദുല്‍ക്കര്‍ സല്‍മാനെ വെല്ലുവിളിച്ച് തെലുങ്ക് യുവതാരം

തന്റെ ആദ്യ തെലുങ്ക് ചിത്രമായ മഹാനടി വമ്പന്‍ വിജയം ആഘോഷിച്ച് അറുപതുകോടി കളക്ഷന്‍ നേടി മുന്നേറുന്ന വേളയില്‍ തെലുങ്ക് സിനിമയില്‍ നിന്നും മലയാളി താരം ദുല്‍ക്കര്‍ സല്‍മാന് വെല്ലുവിളി. കീര്‍ത്തി സുരേഷും ദുല്‍ഖറും അസാമാന്യ അഭിനയമികവാണ് പുറത്തെടുത്തതെന്ന് പ്രേക്ഷകരും വ്യക്തമാക്കിയതാണ്. രാജമൗലി ഉള്‍പ്പടെയുള്ള സിനിമാപ്രവര്‍ത്തകരും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തെലുങ്കിലെ മെഗാതാരം നാഗാര്‍ജുനയുടെ മകനായ അഖില്‍ അക്കിനേനി ദുല്‍ക്കറിനെ സോഷ്യല്‍ മീഡിയയിലൂടെ വെല്ലുവിളിച്ചത്. അഖില്‍ നായകനായി അഭിനയിച്ച ഹലോ എന്ന ചിത്രത്തെ പ്രശംസിച്ച് ഡിക്യു നേരത്തെ രംഗത്തെത്തിയിരുന്നു. മലയാലികളുടെ പ്രിയപ്പെട്ട താരപുത്രി കല്യാണി പ്രിയദര്‍ശനായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. മഹാനടി വിജയകരമായി മുന്നേറുന്നതിനിടയിലാണ് ഈ താരപുത്രന്‍ വെല്ലുവിളിയുമായി എത്തിയിട്ടുള്ളത്. അതേസമയം സിനിമയുമായി ബന്ധപ്പെട്ടല്ല അഖില്‍ ദുല്‍ഖറിനെ വെല്ലുവിളിച്ചിട്ടുള്ളത്.

മറിച്ച് ശാരീരിക ക്ഷമത നിലനിര്‍ത്തുകയെന്ന സന്ദേശവുമായി ആരംഭിച്ച ഹംഫിറ്റ് ഇന്ത്യഫിറ്റ് എന്ന ചലഞ്ചിന്റെ ഭാഗാമായാണ് അഖില്‍ എത്തിയത്. ദുല്‍ക്കറിനെ കൂടാതെ പ്രഭാസിനെയും അഖില്‍ വെല്ലുവിളിച്ചിരുന്നു.കേന്ദ്രമന്ത്രിയും ഒളിംപിക്സ് മെഡല്‍ ജേതാവുമായ രാജ്യവര്‍ധന്‍ സിങ് റാത്തോഡാണ് ഈ ചലഞ്ചിന് തുടക്കം കുറിച്ചത്. 20 പുഷപ്പെടുത്തായിരുന്നു അദ്ദേഹം മറ്റുള്ളവരെ വെല്ലുവിളിച്ചത്. അതേസമയം വെല്ലുവിളി ദുല്‍ക്കര്‍ ഏറ്റെടുത്തോ എന്ന കാര്യത്തില്‍ ഇതുവരെ വിവരങ്ങള്‍ ഒന്നും തന്നെയില്ല.അമ്മമഴവില്ലിന്റെ റിഹേഴ്സല്‍ ക്യാംപിനിടയിലെ വീഴ്ചയെത്തുടര്‍ന്ന് ദുല്‍ഖറിന്റെ ഇടത്തെ കാലിന് പരിക്കേറ്റിരുന്നു. കാലില്‍ ഐസ് വെച്ചതിന് ശേഷമാണ് താരം വേദിയില്‍ നൃത്തവും സ്‌കിറ്റും അവതരിപ്പിച്ചത്. കാലിന് പരിക്കേറ്റപ്പോഴും ഏറ്റെടുത്ത പരിപാടികളിലെല്ലാം താരം കൃത്യമായി പങ്കെടുത്തിരുന്നു. പരിക്ക് ഭേദമായി വരികയാണെന്ന് താരം വ്യക്തമാക്കിയിരുന്നു. പരിക്കിനെത്തുടര്‍ന്ന് പിന്‍വാങ്ങാതെ പരിപാടിയുമായി മുന്നോട്ട് പോയ താരപുത്രനെ അഭിനന്ദിച്ച് നിരവധി പേര്‍ അന്ന് രംഗത്തെത്തിയിരുന്നു.