ലോകത്തിലെ ആദ്യ ആദിവാസി നേതാവ് ഹനുമാന്‍ എന്ന കണ്ടെത്തലുമായി ബിജെപി എംഎല്‍എ
ഹനുമാനാണ് ലോകത്തിലെ ആദ്യ ആദിവാസി നേതാവ് എന്ന പ്രസ്താവനയുമായി ബിജെപി എംഎല്‍എ. മുന്‍പ് പല തവണ വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളിലിടം നേടിയ രാജസ്ഥാന്‍ എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജയാണ് ഇത്തവണ ഹനുമാനെ ആദിവാസി നേതാവായി പ്രഖ്യാപിച്ചിരിക്കുന്നത്. അതുപോലെ ഹനുമാനാണ് ആദിവാസികളുടെ ആദ്യ ദൈവവും എന്നും അദ്ദേഹം പറയുന്നു. “ആദ്യ ആദിവാസി നേതാവായ ഹനുമാന്‍ ആണ് അവരുടെ ആദ്യ ദൈവവും. വനവാസകാലത്ത് ചിത്രകൂടത്തില്‍ നിന്ന് രാജ്യത്തിന്റെ കിഴക്കേ ഭാഗത്തേക്കുള്ള യാത്രക്കിടെ ഹനുമാന്റെ നേതൃത്വത്തിലുള്ള ആദിവാസി സേനയെ അഭ്യാസമുറകള്‍ പഠിപ്പിച്ചത് ശ്രീരാമനായിരുന്നു” എന്നും അഹൂജ പറയുന്നു.
പശുക്കളെ കൊല്ലുന്നവരെ അതുപോലെ കൊല്ലണം എന്ന് പറഞ്ഞ വ്യക്തിയാണ് അഹൂജ. 2016 ഫെബ്രുവരിയില്‍ ജെഎന്‍യു ക്യാമ്പസിനെ കുറിച്ച് നടത്തിയ വിവാദപ്രസ്താവനയാണ് അഹൂജയെ ആദ്യമായി വാര്‍ത്തകളിലെത്തിച്ചത്. ക്യാമ്പസ്സില്‍ പ്രശ്‌നങ്ങളുണ്ടായിരുന്ന കാലത്ത് അവിടെനിന്ന് ആയിരക്കണക്കിന് ഗര്‍ഭനിരോധന ഉറകളും മദ്യക്കുപ്പികളും കണ്ടെത്തിയെന്നായിരുന്നു അഹൂജയുടെ പ്രസ്താവന. ഇത് ദേശിയ തലത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.