നവവരന്‍റെ കൊലപാതകം ; മുഖ്യമന്ത്രിയുടെ പേരില്‍ അന്വേഷണം നടത്താതെ പോലീസ് ; കേരളാ പോലീസിന് വീണ്ടും കളങ്കം
‘ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കുകള്‍ കഴിഞ്ഞ് നോക്കാം’ ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായെത്തിയ യുവതിയോട് കേരളാ പോലീസ് പറഞ്ഞ വാക്കുകള്‍ ആണിത്. കോട്ടയം സ്വദേശി കെവിനെ തന്‍റെ സഹോദരനും ഗുണ്ടകളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി എന്ന പരാതി നല്‍കാന്‍ എത്തിയ വേളയിലാണ് മനസാക്ഷി ഇല്ലാതെ പോലീസ് കെവിന്‍റെ ഭാര്യ നീനുവിനോട് ഇത്തരത്തില്‍ പറഞ്ഞത്. തുടര്‍ന്ന് പരാതി സ്വീകരിക്കാന്‍ പോലും മടിച്ച പോലീസിന്റെ അനാസ്ഥ കാരണം സ്വന്തം ജീവന്‍ നല്‍കേണ്ടി വന്നു കെവിന്. പരാതി ലഭിച്ചയുടന്‍ അന്വേഷിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ കെവിനെ ജീവനോടെ ലഭിക്കുമായിരുന്നു. കോട്ടയം ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരാണ് ഇത്രയും നാണംകെട്ട രീതിയില്‍ പെരുമാറിയത്. ഒരു ജീവന്‍ പൊലിഞ്ഞതിന് ശേഷം ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടികളാരംഭിച്ചിരിക്കയാണ് ഇപ്പോള്‍. സ്റ്റേഷനിലെ എസ്ഐ ആയ എംഎസ് ഷിബുവിനെ സസ്പെന്‍ഡ് ചെയ്തു. കൂടാതെ സ്റ്റേഷനിലെ മറ്റൊരു ഉദ്യോഗസ്ഥനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഡിജിപി ലോക്നാഥ് ബെഹ്റയുടേതാണ് ഉത്തരവ്. സംഭവത്തില്‍ കോട്ടയം എസ്പി അടക്കമുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പറയപ്പെടുന്നു.
ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിക്ക് മകനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബാണ് ആദ്യം പോലീസ് സ്‌റ്റേഷനിലെത്തിയത്. എന്നാല്‍ പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ല. തുടര്‍ന്ന്‍ ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി 11 മണിക്ക് നീനുവും പോലീസ്സ്‌റ്റേഷനിലെത്തി. എന്നാല്‍ ആ പരാതിയും പോലീസ് ആദ്യം സ്വീകരിച്ചില്ല. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മാത്രമാണ് പോലീസ് കേസെടുത്തത്. കെവിനൊപ്പം മര്‍ദ്ദനത്തിനിരയായ ബന്ധു അനീഷിന്റെ മൊഴി അനുസരിച്ചാണ് കേസെടുത്തത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കെവിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന്‍ തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അതേസമയം ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് കെവിനെ കൊലപ്പെടുത്തിയത് എന്ന് പറയപ്പെടുന്നു. മൃതദേഹത്തിലെ കണ്ണുകള്‍ ചൂഴ്ന്ന്‍ എടുത്ത നിലയിലാണ്.






