കാവേരി വിഷയം ; രജനികാന്തിന്റെ “കാല” കര്‍ണ്ണാടകയില്‍ റിലീസ് ചെയ്യില്ല

ആരാധകര്‍ കാത്തിരിക്കുന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രമായ കാല യ്ക്ക് കര്‍ണ്ണാടകയില്‍ വിലക്ക്. കാവേരി വിഷയത്തില്‍ രജനീകാന്ത് കര്‍ണാടകത്തിന് എതിരായ നിലപാട് സ്വീകരിച്ചെന്നാരോപിച്ചാണ് ‘കാല’യ്‌ക്കെതിരേ കന്നഡസംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. തിയേറ്റര്‍ ഉടമകളോടും വിതരണക്കാരോടും കാല സിനിമയുടെ അണിയറക്കാരുമായി ബന്ധപ്പെടരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സാരാ ഗോവിന്ദ് അറിയിച്ചു. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ കന്നഡ സംഘടനകളുടെ പരാതികള്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന് ലഭിച്ചിട്ടുണ്ട്.

രജനീകാന്തിന്റെ സിനിമകള്‍ ഇഷ്ടമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നാണു സംഘടനകളുടെ തീരുമാനം. നടനെന്ന നിലയില്‍ രജനീകാന്ത് കാവേരി വിഷയത്തില്‍ യുക്തിപൂര്‍വം ഇടപെട്ടിട്ടുണ്ടെന്നും രാഷ്ട്രീയത്തിലേക്ക് വന്നതിനുശേഷം കര്‍ണാടകത്തിനെതിരായ നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയെന്നും സംഘടനകള്‍ ആരോപിക്കുന്നു. ജൂണ്‍ ഏഴിനാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.