പൂച്ചയെ അടിച്ച ഭര്‍ത്താവിനെ ഭാര്യ വെടിവെച്ചുകൊന്നു

തന്‍റെ വളര്‍ത്തു പൂച്ചയെ ഭര്‍ത്താവ് അടിച്ചു എന്ന പേരില്‍ ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചുകൊന്നു. ഡാലസ് സ്വദേശി ഡെക്‌സ്റ്റര്‍ ഹാരിസണ്‍ (49) ആണ് ഭാര്യ മേരി ഹാരിസന്റെ വെടിയേറ്റു മരിച്ചത്. വിവരം മേരി തന്നെയാണ് പോലീസില്‍ അറിയിച്ചത്. വെടിയേറ്റു രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഡെക്‌സ്റ്ററിനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അറസ്റ്റ് ചെയ്ത മേരിയെ ഡാലസ് കൗണ്ടി ജയിലിലടച്ചു. ഒരു ലക്ഷം ഡോളര്‍ തുകയില്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.

കുറച്ചു ദിവസം മുമ്പ് പൂച്ചയെ വീട്ടില്‍നിന്നു കാണാതായിരുന്നു. തുടര്‍ന്ന് ഇവര്‍ പൂച്ചയെ കണ്ടെത്തുന്നതിനായി പരസ്യവും നല്‍കിയിരുന്നു. ഭര്‍ത്താവ് പൂച്ചയെ അടിച്ചത് കാരണമാണ് പൂച്ച വീട് വിട്ട് പോയത് എന്ന് മേരി ആരോപിക്കുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും മേരി ഭര്‍ത്താവിനെ വെടിവെക്കുകയുമായിരുന്നു. ഇവര്‍ക്ക് രണ്ടു കുട്ടികളാണ് ഉള്ളത്.