ഇടുക്കിയില്‍ മണ്ണിടിഞ്ഞ് നാലുനില കെട്ടിടം ഒലിച്ചുപോയി

ഇടുക്കിയില്‍ മണ്ണിടിച്ചിലില്‍ നാലുനില കെട്ടിടം നിലംപതിച്ചു. അടിമാലി ആനച്ചാല്‍ ആല്‍ത്തറക്ക് സമീപം ഹോംസ്റ്റേയ്ക്ക് വേണ്ടി നിര്‍മ്മിച്ച നാലുനില കെട്ടിടമാണ് തകര്‍ന്നത്. കീഴ്ക്കാംതൂക്കായ പ്രദേശത്ത് നിര്‍മ്മിച്ച കെട്ടിടത്തിന്റെ അടിവശത്തുനിന്നും മണ്ണിടിഞ്ഞ് താഴുകയായിരുന്നു. തുടര്‍ന്ന് കെട്ടിടം പൂര്‍ണ്ണമായി നിലംപതിച്ചു. കുത്തനെ ചരിഞ്ഞ പ്രദേശത്ത് അശാസ്ത്രീയമായി നടത്തിയ നിര്‍മ്മാണ പ്രവൃത്തിയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രഥമിക നിഗമനം. ഈ പ്രദേശത്ത് മൂന്ന് നിലയില്‍ കൂടുതലുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ.

ആനച്ചാലിലെ സ്വകാര്യ വ്യക്തിയുടേതാണ് തകര്‍ന്ന കെട്ടിടം. മഴ ശക്തമായി തുടരുന്നതിനാല്‍ പ്രദേശത്ത് ഇനിയും മണ്ണിടിയാന്‍ സാധ്യതയുണ്ടെന്നും തുടര്‍ച്ചയായി മണ്ണിടിച്ചിലുണ്ടായാല്‍ റോഡ് അടക്കം ഇടിഞ്ഞ് താഴാന്‍ സാധ്യതയുണ്ടെന്നും സമീപത്തെ മറ്റ് കെട്ടിടങ്ങളും അപകട ഭീഷണിയിലാണെന്നും അധികൃതര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് വെള്ളത്തുവല്‍ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. കെട്ടിടത്തിനുള്ളില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.