തൂത്തുക്കുടി വെടിവെപ്പ് ; കൃത്രിമ തെളിവ് ഉണ്ടാക്കി രക്ഷപ്പെടാന്‍ പോലീസ് നീക്കം
തൂത്തുക്കുടി വെടിവെപ്പിനെ തുടര്‍ന്ന് പ്രതിരോധത്തിലായ പോലീസ് സംഭവത്തില്‍ നിന്നും രക്ഷപ്പെടാന്‍ കൃത്രിമമായി തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം. സമരക്കാര്‍ കലക്ട്രേറ്റിലേക്ക് അതിക്രമിച്ചു കയറിയപ്പോള്‍ ആണ് വെടിവെക്കാന്‍ ഉത്തവിട്ടെന്നാണ് പോലീസ് ഇപ്പോള്‍ ന്യായം നിരത്തുന്നത്. ഇതിനെ ന്യായീകരിക്കാന്‍ കലക്ട്രേറ്റ് ജീവനക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ വിവരങ്ങള്‍ പുറത്തു വന്നു. ഇതിനുവേണ്ടി ജീവനക്കാര്‍ക്ക് അപേക്ഷകള്‍ നല്‍കിയിരിക്കുകയാണ് പോലീസ്. വ്യക്തി വിവരങ്ങള്‍, തൊഴില്‍ വിവങ്ങള്‍ എന്നിവയാണ് ആദ്യത്തെ എട്ടു ചോദ്യങ്ങള്‍.
വെടിവെപ്പ് നടന്ന മെയ് 22 ന് എവിടെയായിരുന്നു ഡ്യൂട്ടി എന്നാതാണ് ഒന്‍പതാമത്തെ ചോദ്യം. എവിടെയാണ് പരിക്ക് പറ്റിയത്, ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയത് എന്നാതാണ് പത്താമത് ചോദിക്കുന്നത്. എന്തൊക്കെ വസ്തുവകകളാണ് നഷ്ടപ്പെട്ടത് എന്നൊക്കെയാണ് ചോദ്യങ്ങള്‍. സമരക്കാര്‍ കലക്ട്രേറ്റിലേക്ക് ഇരച്ചു കയറി. ശേഷം വാഹനങ്ങള്‍ കത്തിച്ചു. കലക്ട്രേറ്റ് ജീവനക്കാരെ ആക്രമിച്ചു. ഇതേത്തുടര്‍ന്ന് വെടിവെപ്പിന് ഉത്തരവിട്ടതെന്നാണ് പോലീസ് നിരത്തുന്ന വാദം. എന്നാല്‍ സംഭവത്തെക്കുറിച്ച് കലക്ടര്‍ക്ക് പരാതി നല്‍കുവാനാണ് ജീവനക്കാരുടെ തീരുമാനം.
കേസന്വേഷിക്കുന്നത് ജസ്റ്റിസ് അരുണ ജഗദീഷന്‍ കമ്മീഷനും സിബിസിഐഡിയുമാണ്. പിന്നെന്തിനാണ് തൂത്തുക്കുടി പോലീസ് വിവര ശേഖരണം നടത്തുന്നതെന്ന ചോദ്യം ജീവനക്കാര്‍ ചോദിക്കുന്നു. എന്നാല്‍ അങ്ങനെയൊരു ഫോം വിതരണം ചെയ്തിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.