കനത്ത മഴ ; കോഴിക്കോട് ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചു ; 13 പേരെ കാണാതായി

കോഴിക്കോട് മലയോര മേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാല് പേര്‍ മരിച്ചു. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. 13 പേരെ കാണാതായി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. നാല് വീടുകള്‍ ഒലിച്ചു പോയി. മലമുകളില്‍ സ്വകാര്യ വ്യക്തി നിര്‍മിച്ച തടയണ തകര്‍ന്നതാണ് ഈ മേഖലയില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയത്. പുലര്‍ച്ചെ നാലുമണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്.

കരിഞ്ചോലയില്‍ വീട്ടിനുള്ളില്‍ കുടുങ്ങിപ്പോയ ഒമ്പതു വയസുകാരി ദില്‍നയും സഹോദരന്‍ കുഞ്ഞാണിയു(4) മാണ് മരിച്ചത്. ഏറെ നേരം മണ്ണിനടിയില്‍ കിടന്ന കുടുംബത്തെ പുറത്തെടുത് ആശുപത്രിയില്‍ എത്തിച്ചു എങ്കിലും കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കരിഞ്ചോലയിലെ ഹസന്‍ എന്നയാളുടെ കുടുംബത്തിലെ ഏഴു പേരേയും അബ്ദുറഹിമാന്റെ കുടുംബത്തിലെ നാല് പേരെയുമാണ് കാണാതായത്. ഇവരില്‍ രണ്ട് പേരെ പുറത്തെടുത്തു.

കക്കയം, പുല്ലൂരാമ്പാറ, കരിഞ്ചോല, ചമല്‍, കട്ടിപ്പാറ, വേനപ്പാറ മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മലപ്പുറം ജില്ലയിലെ എടവണ്ണ ചാത്തല്ലൂരിലും ആനക്കല്ലിലും ഉരുള്‍പൊട്ടി. വയനാട്ടില്‍ വൈത്തിരി തളിപ്പുഴയില്‍ വീടു തകര്‍ന്ന് രണ്ടു പേര്‍ക്ക് പരിക്കേറ്റു. അതേസമയം തൃശൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ എല്ലാം തുറന്നുവിട്ടതായി കെ.എസ്.ഇ.ബി അറിയിച്ചു. തിരുവനന്തപുരത്ത് നെയ്യാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നും തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.