കുടിയേറ്റ നയത്തിന്റെ പേരില്‍ ഇന്ത്യാക്കാരെ തടവിലാക്കി ട്രംപ് ഭരണകൂടം ; കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍തിരിച്ചു
സീറോ ടോളറന്‍സ് നയത്തിന്റെ പേരില്‍ നൂറോളം ഇന്ത്യക്കാരെ തടവിലാക്കി ട്രംപ് ഭരണകൂടം. ഇത്തരത്തില്‍ തടവിലായവരുടെ മക്കളെ മാതാപിതാക്കളില്‍ നിന്ന് വേര്‍തിരിച്ചു. സിഖ്, ക്രിസ്ത്യന്‍ മത വിശ്വാസികളാണ് ഇവരില്‍ ഏറെയും. 52 പേരെ ഒറിഗണിലെ ഷെരിഡാനിലെ കേന്ദ്രത്തിലും 45 പേരെ ന്യൂമെക്സിക്കോയിലുള്ള കേന്ദ്രത്തിലുമാണ് തടവിലാക്കിയിട്ടുള്ളത്. യുഎസ് സംസ്ഥാനങ്ങളായ ഒറിഗണ്‍, ന്യൂ മെക്സിക്കോ എന്നിവിടങ്ങിലുള്ള കേന്ദ്രങ്ങളിലായാണ് ഇന്ത്യക്കാരെ പാര്‍പ്പിച്ചിരിക്കുന്നത്. ഷെരിഡാനിലുള്ള തടവുകാരില്‍ ഇന്ത്യക്കാരാണ് കൂടുതല്‍. ഇന്ത്യക്കാരെ പുതിയ കുടിയേറ്റ നയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത വിവരം കഴിഞ്ഞ ദിവസം ഡെമോക്രാറ്റിക് അംഗങ്ങള്‍ പുറത്തുവിട്ടിരുന്നു.
പലരും ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കുമൊപ്പമാണ് അതിര്‍ത്തിയിലെത്തിയത്. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ കുടുംബാംഗങ്ങള്‍ എവിടെയാണെന്നുപോലും ഇവരില്‍ പലര്‍ക്കും അറിയില്ല. അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ ഇന്ത്യക്കാര്‍ അറസ്റ്റിലായ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യന്‍ എംബസി അധികൃതര്‍ ഇവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി. എന്നാല്‍ ഇവര്‍ക്ക് ഇതേവരെ നിയമസഹായം നല്‍കാന്‍ എംബസിയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ല. യുഎസില്‍ പ്രവേശിക്കുന്നതിന് മുമ്പേ കൈവശമുള്ള രേഖകള്‍ നശിപ്പിച്ചിട്ടുള്ളതിനാല്‍ ഇവരുടെ പൗരത്വം ഏത് രാജ്യത്താണ് എന്നത് തെളിയിക്കാന്‍ സാധിക്കാതെ വരുന്നതായും ഇത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും എംബസി അധികൃതര്‍ പറയുന്നു.
വിവിധ തടവുകേന്ദ്രങ്ങളിലായി 1600-ഓളം അനധികൃത കുടിയേറ്റക്കാരാണുള്ളത്. ബംഗ്ലാദേശ്, ബ്രസീല്‍, കാമറൂണ്‍, ചൈന, എല്‍-സാല്‍വദോര്‍, മെക്സിക്കോ, ഇന്ത്യ, മൗറിറ്റാനിയ, ഗ്വാട്ടിമാല, ഹോണ്‍ഡുറസ്, നേപ്പാള്‍, പെറു, റഷ്യ, കോംഗോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍.