ബിജെപി മന്ത്രിയുടെ തവള കല്യാണം


ഭോപ്പാല്‍: മഴപെയ്യിക്കാനായി മധ്യപ്രദേശില്‍ ബിജെപി മന്ത്രി തവള കല്യാണം നടത്തി. ലലിത് യാദവിന്റെ നേതൃത്വത്തില്‍ ഛത്തര്‍പ്പൂരിലെ ഒരു അമ്പലത്തില്‍ വച്ചാണ് തവള കല്യാണം നടത്തിയത്. മഴ ലഭിക്കുന്നതിനായി ഉത്തരേന്ത്യയില്‍ നടത്തി വരുന്ന ഒരു ആചാരമാണ് തവള കല്യാണം.

മന്ത്രിയും, ബിജെപി നേതാക്കളും ഉള്‍പ്പടെ നൂറോളം പേര്‍ തവള കല്യാണത്തില്‍ പങ്കെടുത്തു. പുരോഹിതന്റെ സാന്നിധ്യത്തില്‍ മന്ത്രിയായിരുന്നു കല്യാണം നടത്തിയത്. ഇത്തവണയും മഴ കുറഞ്ഞതോടെയാണ് പുരാതന കാലം തൊട്ടുള്ള തവള കല്യാണം എന്ന ആചാരം നടത്തിയത്.

ഈ പ്രവൃത്തിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. അന്ധവിശ്വങ്ങള്‍ പ്രചരിപ്പിക്കുന്നതിനാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. ഗ്രാമത്തിലുള്ളവര്‍ക്ക് കുടിവെള്ളം എത്തിച്ചു നല്‍കുന്നതിനു പകരം ഇത്തരത്തിലുള്ള ആചാരങ്ങള്‍ നടത്തുന്നതിന്റെ തിരക്കിലാണ് മന്ത്രിയെന്നും കോണ്‍ഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.