ഉച്ചഭക്ഷണം ഗുണനിലവാര പരിശോധന: ജില്ലാ കളക്ടര്‍ എത്തി ഊണുകഴിച്ചു മടങ്ങി


ഗവണ്മെന്റ് സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം വിലയിരുത്താന്‍ മിന്നല്‍ പരിശോധന നടത്താന്‍ എത്തിയ ജില്ലാ കളക്ടര്‍ എസ് സുഹാസ് കുട്ടികളോടൊപ്പം ഉച്ച ഭക്ഷണം കഴിച്ചു മടങ്ങി. ആലപ്പുഴ ജില്ലയിലെ നീര്‍ക്കുന്നത്ത് ശ്രീ ദേവി വിലാസം ഗവ യുപി സ്‌കൂളിലാണ് സംഭവം. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്.

ആലപ്പുഴ ജില്ലാ കളക്ടറുടെ എഫ്ബി പേജില്‍ വന്ന പോസ്റ്റ് ഇങ്ങനെ:
ജില്ലാ കലക്ടര്‍ എസ്. സുഹാസ് ബുധാനാഴ്ച നീര്‍ക്കുന്നം ഗവണ്‍മെന്റ് എസ് ഡി വി യു പി എസില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. കുട്ടികളുടെ ഉച്ചഭക്ഷണ സമയത്തായിരുന്നു സന്ദര്‍ശനം. സ്‌കൂളിന്റെ ഊട്ടുപുരയില്‍ എത്തി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം വിലയിരുത്തി. കൊച്ചു കുട്ടികളോടൊപ്പം അദ്ദേഹം ഉച്ച ഭക്ഷണം കഴിക്കുകയും ചെയ്തു.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന യുപിഎസ് എന്ന നിലയില്‍ പ്രവര്‍ത്തനവും ഉച്ചഭക്ഷണത്തിന്റെ ഗുണ നിലവാരവും വിലയിരുത്തലായിരുന്നു തന്റെ സന്ദര്‍ശന ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മോര്, വെള്ളരിക്ക കൂട്ടാന്‍, ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി എന്നിവ ചേര്‍ന്നതായിരുന്നു ഉച്ചയൂണ് .

ഭക്ഷണം തൃപ്തികരമെന്ന് വിലയിരുത്തിയ കലക്റ്റര്‍ സ്‌കൂളിലെ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ് എന്നിവയില്‍ സന്ദര്‍ശിച്ചു. ഹെഡ്മാസ്റ്ററും പി.ടി.എയും ചേര്‍ന്ന് സ്‌കൂളിന്റെ സ്ഥലപരിമിതി സംബന്ധിച്ച പ്രശ്നം കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി . ലതികയും കളക്ടറെ അനുഗമിച്ചു. ഹെഡ്മാസ്റ്റര്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം കളക്ടര്‍ക്ക് വിശദീകരിച്ചു.